വൈകിയാൽ രജിസ്ട്രേഷൻ സങ്കീർണം; ജനന-മരണ രജിസ്ട്രേഷൻ നിയമഭേദഗതി ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ കൂടുതൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിധ്യത്തിൽ സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ‘ദി രജിസ്ട്രേഷൻ ഓഫ് ബർത്ത്സ് ആൻഡ് ഡെത്ത്സ് (അമെൻഡ്മെന്റ്) ബിൽ-2026 അവതരിപ്പിച്ചത്. 1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ വകുപ്പ് 13(3)ൽ മാറ്റങ്ങൾ വരുത്തുന്നതാണ് പുതിയ ഭേദഗതി. വൈകിയുള്ള ജനന-മരണ രജിസ്ട്രേഷനുകൾ കൂടുതൽ സങ്കീർണമാകും. പുതിയ നിയമപ്രകാരം ജനനം, മരണം ഒരു വർഷത്തിനും രണ്ടുവർഷത്തിനുമിടയിലാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ വിവരങ്ങളുടെ കൃത്യത ജില്ല മജിസ്ട്രേറ്റ് നേരിട്ട് പരിശോധിച്ച് ഉത്തരവിറക്കണം. രണ്ടുവർഷത്തിനു ശേഷമുള്ള രജിസ്ട്രേഷനുകൾക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പരിശോധനയും ഉത്തരവും നിർബന്ധമാക്കിയിട്ടുണ്ട്.
നിലവിലെ നിയമമനുസരിച്ച് ജനനമോ മരണമോ ഉണ്ടായാൽ 21 ദിവസത്തിനകം രജിസ്റ്റർ ചെയ്തിരിക്കണം. 30 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണെങ്കിൽ രജിസ്റ്റർ ചെയ്യാൻ ജില്ല രജിസ്ട്രാറുടെ രേഖാമൂലമുള്ള അനുമതി വേണം. ഒരു വർഷത്തിനുശേഷം നടക്കുന്ന ഏതു രജിസ്ട്രേഷനും ജില്ല/സബ്-ഡിവിഷനൽ മാജിസ്ട്രേറ്റ് ഉത്തരവ് മാത്രം മതിയായിരുന്നു.
ജനന, മരണ രജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് സൃഷ്ടിക്കാനുള്ള നിയമ ഭേദഗതി 2023 ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലായിരുന്നു. അന്നുമുതൽ ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാന രേഖയായി ജനന സർട്ടിഫിക്കറ്റ് മാറുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

