സി.എ.ജി റിപ്പോർട്ടിലെ കാലതാമസം: ഡൽഹി സർക്കാറിന് ഹൈകോടതിയുടെ രൂക്ഷവിമർശനം
text_fieldsന്യൂഡൽഹി: വിവാദമായ എക്സൈസ് നയമടക്കമുള്ള വിഷയങ്ങളിൽ കൺട്രോളർ ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട് നിയമസഭ സ്പീക്കർക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയതിന് ഡൽഹി സർക്കാറിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. നടപടികളിലുണ്ടായ കാലതാമസം ദൗർഭാഗ്യകരമാണെന്ന് വിലയിരുത്തിയ കോടതി റിപ്പോർട്ട് സ്പീക്കർക്ക് നൽകാനും നിയമസഭയിൽ ചർച്ച ചെയ്യാനും സർക്കാർ സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്ന് വ്യക്തമാക്കി. ലഫ്റ്റനൻറ് ഗവർണർക്ക് റിപ്പോർട്ടുകൾ നൽകുന്നതിലും വിഷയം കൈകാര്യം ചെയ്യുന്നതിലുമുണ്ടായ കാലതാമസം സർക്കാറിന്റെ സത്യസന്ധതയിൽ സംശയം ജനിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് സച്ചിൻ ദത്ത് പറഞ്ഞു.
സി.എ.ജിയുടെ 14 റിപ്പോർട്ടുകൾ സഭയിൽ വെക്കാത്തതിനെതിരെ ഏഴ് ബി.ജെ.പി എം.എൽ.എമാരാണ് കോടതിയെ സമീപിച്ചത്. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കാൻ ഉത്തരവിടണമെന്നും ഇവർ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പ്രത്യേക സമ്മേളനം വിളിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജി 16ന് വീണ്ടും പരിഗണിക്കും.
സി.എ.ജി റിപ്പോർട്ട് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് പരസ്യമാക്കിയെന്നും മാധ്യമങ്ങൾക്ക് നൽകിയെന്നും ആം ആദ്മി പാർട്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹരജിയിൽ സംസ്ഥാന സർക്കാറിനോടും സ്പീക്കറോടും കോടതി മറുപടി തേടിയിരുന്നു. സി.എ.ജി റിപ്പോർട്ട് സ്പീക്കർക്ക് അയച്ചതായി ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ബി.ജെ.പി വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
ഡൽഹി സര്‍ക്കാറിന്റെ മദ്യനയം മൂലം ഖജനാവിന് 2,026 കോടി രൂപയുടെ നഷ്ടമുണ്ടായതടക്കം പരാമർശങ്ങളുള്ള സി.എ.ജി റിപ്പോർട്ടിന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

