അരാവലി മലനിരകളുടെ നിർവചനം: വിദഗ്ധ സമിതിക്ക് രൂപം നൽകി സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: അരാവലി മലനിരകളുടെ നിർവചനം സംബന്ധിച്ച കേന്ദ്രത്തിന്റെ റിപ്പോർട്ട് സ്വതന്ത്രമായി പുനഃപരിശോധിക്കാൻ ഉന്നതാധികാര വിദഗ്ധ സമിതി രൂപവത്കരിച്ച് സുപ്രീംകോടതി. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജുക്കേഷന്റെ ഡയറക്ടർ ജനറൽ കാഞ്ചൻ ദേവി അധ്യക്ഷയായ അഞ്ചംഗ സമിതിയാണ് രൂപവത്കരിച്ചത്. 1991 ബാച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഓഫിസറാണ് കാഞ്ചൻ ദേവി.
അരാവലി മലനിരകളുടെ നിർവചനം ശാസ്ത്രീയമായ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരമായ വികസന തത്ത്വങ്ങൾക്കും ഊന്നൽ നൽകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരും അടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു.
സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ 2026 ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പ്രഫ. ജഗദീഷ് കൃഷ്ണസ്വാമി, പ്രഫ. ലക്ഷ്മികാന്ത് ശർമ എന്നിവരെ സമിതിയിൽ പ്രത്യേക ക്ഷണിതാക്കളായി കോടതി നാമനിർദേശം ചെയ്തു. സമിതിയുടെ മെംബർ സെക്രട്ടറിയായി ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോമിനേറ്റ് ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2025 ഒക്ടോബറിൽ പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി നേതൃത്വം നൽകിയ സമിതി തയാറാക്കിയ റിപ്പോർട്ട് നടപ്പിലാക്കുന്നത് സ്റ്റേ ചെയ്ത് ഡിസംബർ 29ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അരാവലി പാരിസ്ഥിതിക മേഖലയുടെ സംരക്ഷണം സംബന്ധിച്ച തർക്കവിഷയങ്ങളിൽ ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തി നീതിപൂർവകവും നിഷ്പക്ഷവും സ്വതന്ത്രവുമായ നിഗമനത്തിൽ എത്തിച്ചേരേണ്ടതിന്റെ ആവശ്യകത പുതിയ ഉത്തരവിൽ കോടതി ഓർമിപ്പിച്ചു. പുതിയ നിർവചനത്തിന് അന്തിമരൂപം നൽകുകയും അപഗ്രഥിക്കുകയും ചെയ്യുന്നതു വരെ അരാവലി മേഖലയിലെ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും സുപ്രീംകോടതി ഏർപ്പെടുത്തിയ സ്റ്റേ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

