ന്യൂഡൽഹി: ഇന്ത്യ- ചൈന സംഘർഷം ഉടലെടുത്ത ലഡാക്കിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എത്തി. ഏകദിന സന്ദർശനത്തിനാണ് മന്ത്രി എത്തിയത്. നേരത്തെ, ജൂലൈ മൂന്നിന് യാത്ര നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
സ്റ്റക്ന, ലുകുങ് മേഖലകൾ സന്ദർശിക്കുന്ന മന്ത്രിയെ സംയുക്ത സേന തലവൻ ബിപിൻ റാവത്ത്, സൈനിക മേധാവി എം.എം. നരവനെ എന്നിവ
ർ അനുഗമിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ മൂന്നിന് ലഡാക്ക് സന്ദർശിച്ച് സൈനികരെ അഭിസംബോധന ചെയ്തിരുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് ലഡാക്ക്. ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സേനയുടെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേത്തുടർന്ന് യുദ്ധസമാന സാഹചര്യം ഉടലെടുത്തെങ്കിലും നയതന്ത്ര-സൈനിക ചർച്ചകളിലൂടെ രമ്യതയിലെത്തുകയായിരുന്നു.