അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ അപകീർത്തി പരാമർശം: കോൺഗ്രസ് നേതാവ് പവൻ ഖേര ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി
text_fieldsഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മയുമായി ബന്ധപ്പെട്ട അപകീർത്തി പരാമർശ കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേര ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ബുധനാഴ്ചയാണ് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി അദ്ദേഹം ഹാജരായത്. റിനികി ഭുയാൻ ശർമ്മയ്ക്ക് നിരവധി പാസ്‌പോർട്ടുകൾ ഉണ്ടെന്നും വിദേശത്ത് സ്വത്തുക്കളുണ്ടെന്നും പവൻ ഖേര ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് റനികി അറിയിച്ചു. പിന്നീട് അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഗുവാഹത്തി ക്രൈംബ്രാഞ്ച് പവന്‍ ഖേരക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഏപ്രിൽ 10ന് തെലങ്കാന ഹൈകോടതി പവൻ ഖേരയ്ക്ക് ഇടക്കാല ട്രാൻസിറ്റ് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് നിയമപരമായ പരിഹാരത്തിനായി അസമിലെ ബന്ധപ്പെട്ട കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. എന്നാൽ ഏപ്രിൽ 24ന് ഗുവാഹത്തി ഹൈകോടതി പവന്‍ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പിന്നീട് ഏപ്രിൽ 30ന് പവൻ ഖേരയ്ക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ നടപടി. നിലവിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലെങ്കിലും കേസിൽ അസം പൊലീസ് അന്വേഷണം തുടരുന്നുണ്ട്.
`തന്റെ പ്രസ്താവനകളിൽ വ്യക്തത വരുത്താൻ പവൻ ഖേരയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം അദ്ദേഹം ഇന്ന് രാവിലെ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി. ഡി.സി.പിക്ക് മുന്നിൽ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അദ്ദേഹം സഹകരിക്കുന്നുണ്ട്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സാധ്യതയില്ല' മാധ‍്യമങ്ങളോട് സംസാരിക്കവെ കോൺഗ്രസ് അഭിഭാഷകന്‍ രീതം സിങ് അറിയിച്ചു. `നിയമപരമായ വ്യവസ്ഥകൾ അനുസരിച്ച് ജാമ്യം ലഭിച്ച ഏതൊരു വ്യക്തിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. അതുകൊണ്ടാണ് പവൻ ഖേര ഡൽഹിയിൽ നിന്ന് ഇവിടെയെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം മടങ്ങും' മുതിർന്ന കോൺഗ്രസ് നേതാവ് റിപുൺ ബോറ അറിയിച്ചു.
അതേ സമയം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെയും ബോറ ആരോപണങ്ങൾ ഉന്നയിച്ചു. ഈ കേസിനെ മുഖ്യമന്ത്രി ഒരു വ്യക്തിപരമായ അഭിമാന പ്രശ്നമായി മാറ്റിയെന്നും മുഖ്യമന്ത്രിക്കെതിരെയുള്ള വിദ്വേഷ പ്രസംഗ കേസുകൾ ഇപ്പോഴും ഹൈകോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

