രാഹുലിനെതിരെ മാനനഷ്ടക്കേസുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും
text_fieldsഅദാനി ഗ്രൂപുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ട്വീറ്റിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി ബി.ജെ.പി നേതാവും അസം മുഖ്യമന്തിയുമായ ഹിമന്ത ബിശ്വ ശർമ. ഏപ്രിൽ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുവാഹതിയിൽ നടത്തുന്ന സന്ദർശനത്തിനു ശേഷമാകും കോടതി കയറുകയെന്ന് ശർമ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അദാനി വിഷയത്തിൽ കടുത്ത നിലപാട് തുടരുന്ന രാഹുൽ ഗാന്ധി അടുത്തായി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നേതാക്കളെയും ആരോപണമുനയിൽ നിർത്തിയിരുന്നു. ‘‘സത്യം മറച്ചുവെക്കുകയാണ് അവർ. അതുകൊണ്ടാണ് എല്ലാദിവസവും അവർ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചോദ്യം പഴയതുതന്നെയാണ്- അദാനി കമ്പനികളിൽ നിക്ഷേപിച്ച 20,000 കോടി ബിനാമി പണം ആരുടെതാണ്’’- ഹിന്ദിയിൽ പങ്കുവെച്ച ട്വീറ്റിൽ രാഹുൽ ചോദിക്കുന്നു. നേതാക്കളുടെ പേരുകളിലെ അക്ഷരങ്ങൾ ചേർത്തുള്ള ‘അദാനി’ എന്ന ചിത്രത്തോടെയായിരുന്നു ട്വീറ്റ്. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശർമ, കിരൺ കുമാർ റെഡ്ഡി, അനിൽ കെ. ആന്റണി എന്നിവരുടെ പേരുകളാണ് രാഹുൽ ട്വീറ്റിൽ സൂചിപ്പിച്ചത്. ഈ അഞ്ചു പേരിൽ ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയപ്പോൾ മറ്റു നാലു പേരും ബി.ജെ.പിയിൽ ചേരുകയായിരുന്നു. സിന്ധ്യയിപ്പോൾ കേന്ദ്രമന്ത്രിയും ശർമ അസം മുഖ്യമന്ത്രിയുമാണ്.
ഗുജറാത്തിൽ ബി.ജെ.പി നേതാവ് നൽകിയ കേസിൽ സൂറത്ത് കോടതി രാഹുലിന് തടവു ശിക്ഷ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

