‘ബംഗാളി സംസാരിക്കുന്നവർക്കെതിരായ ക്രൂരമായ അടിച്ചമർത്തലിനെയും അക്രമത്തെയും ശക്തമായി അപലപിക്കുന്നു’; ബംഗാൾ പൊലീസിനെ ഒഡിഷയിലേക്കയച്ച് മമത
text_fieldsകൊൽക്കത്ത: ഒഡിഷയിലെ സാംബൽപൂർ ജില്ലയിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള 30 വയസ്സുള്ള കുടിയേറ്റ തൊഴിലാളിയെ ഹിന്ദുത്വ ആൾക്കൂട്ടം കൊല ചെയ്തതിൽ കടുത്ത രോഷവും അമർഷവും പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. കേസിൽ ഇതുവരെ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് സംഘം ഒഡിഷയിലേക്ക് പോയിട്ടുണ്ടെന്നും മമത പറഞ്ഞു.
‘ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബംഗാളി സംസാരിക്കുന്ന ആളുകൾക്കെതിരായ ക്രൂരമായ അടിച്ചമർത്തലിനെയും പീഡനത്തെയും അക്രമത്തെയും ശക്തമായി അപലപിക്കുന്നു. ഭീഷണിപ്പെടുത്തുകയും ഇരകളാക്കുകയും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് വിധേയരാകുകയും ചെയ്ത ബംഗാളി സംസാരിക്കുന്ന കുടിയേറ്റ കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. അവർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും’ മുഖ്യമന്ത്രി ‘എക്‌സി’ലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ബുധനാഴ്ച സാംബൽപൂരിൽ ബീഡിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ജുവൽ ശൈഖ് എന്ന ഇരയെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് ആരോപണം. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബംഗാളി സംസാരിക്കുന്ന ആളുകൾക്കെതിരായ ക്രൂരമായ അടിച്ചമർത്തൽ, പീഡനം, അക്രമം എന്ന് വിശേഷിപ്പിച്ച് ഇതിനെ മമത ശക്തമായി അപലപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട്, പശ്ചിമ ബംഗാൾ പൊലീസ് ഇതിനകം ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. അന്വേഷണം നടത്താൻ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു പൊലീസ് സംഘം ഒഡീഷയിലേക്ക് പോയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ദാരുണമായ സംഭവത്തിൽ ഇരയുടെ കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. മരിച്ചയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളെ ഞങ്ങൾ അസന്ദിഗ്ധമായി അപലപിക്കുകയും ഇരകൾക്ക് എല്ലാത്തരം സഹായങ്ങളും നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ബംഗാളി ഭാഷ സംസാരിക്കുന്നത് ഒരിക്കലും കുറ്റകൃത്യമാകില്ലെന്നും ഭാഷാപരമായ സ്വത്വത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് തൃണമൂൽ കോൺഗ്രസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

