നിർമല സീതാരാമന്‍റെ ഡീപ്ഫേക്ക് വിഡിയോ നിർമിച്ച് 7.9 ലക്ഷം രൂപ തട്ടിയെടുത്തു
text_fieldsബംഗളൂരു: ധനമന്ത്രി നിർമല സീതാരാമന്‍റെ ഡീപ്ഫേക്ക് വിഡിയോ നിർമിച്ച് ബെളഗാവിയിലെ 76 വയസ്സുകാരനില്‍നിന്നും 7.9 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മെയ് ഒന്നിന് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ പ്രകാശ് ഗുബ്ബിയുടെ പരാതി പ്രകാരം കഴിഞ്ഞ വർഷം നവംബറിൽ ധനമന്ത്രി നിർമല സീതാരാമൻ ഒരു നിക്ഷേപ പദ്ധതിക്ക് അംഗീകാരം നൽകുന്നതായി കാണിക്കുന്ന വിഡിയോ യൂട്യൂബിൽ കണ്ടിരുന്നു. നിക്ഷേപത്തിനുള്ള ലിങ്കും വിഡിയോയില്‍ പരാമർശിച്ചിരുന്നു. പ്രകാശ് ലിങ്കിൽ തന്‍റെ വിവരങ്ങൾ നൽകി. ആദർശ് ആനന്ദ് എന്ന വ്യക്തി സാമൂഹിക മാധ്യമം വഴി പ്രകാശിനെ പരിചയപ്പെടുകയും നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു.
65,000 യു.എസ് ഡോളർ ലാഭം കിട്ടുമെന്ന് ലിങ്കില്‍ കാണിക്കാന്‍ തുടങ്ങിയതോടെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പ്രതി 4.2 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി ആവശ്യപ്പെട്ടു. പ്രകാശ് തുക അടച്ചു. രണ്ട് ലക്ഷം രൂപ കൂടി നൽകാൻ ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് പ്രകാശിന് മനസ്സിലായത്. മൊത്തം 7.9 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
പൊലീസ് അന്വേഷണം നടത്തിവരികയാണ്. കൃത്രിമബുദ്ധിയും ഡീപ്ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വിഡിയോകള്‍ വിശ്വസിക്കരുതെന്ന് ബെളഗാവി പൊലീസ് കമീഷണർ ഭൂഷൺ ഗുലാബ്രാവു ബോറാസെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

