ഇന്ത്യൻ നിയമങ്ങളുടെ പൊളിച്ചെഴുത്ത്: പാർലമെന്ററി സമിതി പരിശോധനക്ക്
text_fieldsന്യൂഡൽഹി: രാജ്യത്തെ സിവിൽ, ക്രിമിനൽ നീതിന്യായ നടപടി അപ്പാടെ പൊളിച്ചെഴുതി 1860ലെ ഇന്ത്യൻ ശിക്ഷാ നിയമം, 1973ലെ ക്രിമിനൽ നടപടിക്രമം, 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവ പേരടക്കം മാറ്റി കേന്ദ്ര സർക്കാർ അവതരിപ്പിച്ച മൂന്ന് ബില്ലുകൾ പരിശോധിക്കാൻ പാർലമെന്റിന്റെ ആഭ്യന്തര മന്ത്രാലയ സ്ഥിരം സമിതി തീരുമാനിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരമുള്ള ‘ഭാരതീയ ന്യായ സൻഹിത ബിൽ-2023’, 1973ലെ ക്രിമിനൽ നടപടിക്രമത്തിനു പകരമുള്ള ‘ഭാരതീയ നാഗരിക് സുരക്ഷ സൻഹിത-2023’, 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിനു പകരമുള്ള ‘ഭാരതീയ സാക്ഷ്യ ബിൽ-2023’ എന്നിവ ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ സമിതി പരിശോധിക്കുകയും പ്രത്യേകം ക്ഷണിച്ച വിദഗ്ധരിൽനിന്ന് അഭിപ്രായമാരായുകയും ചെയ്യും.
ഹൈദരാബാദ് ‘നൽസാർ’ മുൻ വൈസ് ചാൻസലർ പ്രഫസർ ഡോ. ഫൈസാൻ മുസ്തഫ മൂന്നിന് രാവിലെ 11 മണിക്കും കർണാടക ഹൈകോടതിയിലെ ക്രിമിനൽ അഭിഭാഷകൻ ഡോ. ആദിത്യ സോധി ഉച്ചക്ക് 12 മണിക്കും സമിതി മുമ്പാകെ ഹാജരാകുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പാർലമെന്ററി സമിതി ചെയർപേഴ്സനെയും സമിതി അംഗങ്ങളെയും അറിയിച്ചു. അന്നേ ദിവസം ഉച്ചക്കുശേഷം മൂന്നു മണിക്ക് ദേശീയ ബാലാവകാശ കമീഷൻ ചെയർപേഴ്സൻ പ്രിയങ്ക കനുങ്കോ ബിൽ സംബന്ധിച്ച അഭിപ്രായങ്ങൾ സമിതി മുമ്പാകെ വെക്കും. നാലിനും അഞ്ചിനും രാവിലെ 11 മണി മുതൽ മൂന്നു ബില്ലുകളിലെയും വ്യവസ്ഥകൾ ഓരോന്നോരോന്നായി പരിശോധിക്കുമെന്നും ഡെപ്യൂട്ടി സെക്രട്ടറി വ്യക്തമാക്കി.
ബി.ജെ.പി എം.പി ബ്രിജ്‍ലാൽ ചെയർമാനായ 30 അംഗ ആഭ്യന്തര മന്ത്രാലയ സ്ഥിരം സമിതിയിൽ ബി.ജെ.പിക്കാണ് ഭൂരിപക്ഷം. അധിർ രഞ്ജൻ ചൗധരി, പി. ചിദംബരം, ഡെറിക് ഒബ്റേൻ, ദിഗ്‍വിജയ് സിങ്, ദയാനിധി മാരൻ, നീരജ് ശേഖർ, രാകേഷ് സിൻഹ, കിരൺ ഖേർ, ബിപ്ലബ് കുമാർ ദേവ്, എൻ.ആർ. ഇളങ്കോ, ഡോ. അനിൽ ജെയിൻ, സുജീത് കുമാർ, സഞ്ജയ് ഭാട്ടിയ, ദിലീപ് ഘോഷ്, ഡോ. കാകോളി ഘോഷ് ദസ്തീദാർ, ദുലാൽ ചന്ദ്ര ഗോസ്വാമി, രാജ അമരേശ്വര നായക്, രാജ്നീത് സിങ് നായക് നിംബാൽകർ, ജംയാങ് സെറിങ്, ഗജേന്ദ്ര സിങ് പട്ടേൽ, ലാലുഭായ് ബാബുഭായ് പട്ടേൽ, പി.കെ. സിങ് പട്ടേൽ, വിഷ്ണു ദയാൽ റാം, രാഹുൽ രമേശ്, ശർമിഷ്ഠ കുമാരി സേഥി, രവ്നീത് സിങ്, ഗീഥ വിശ്വനാഥ് വങ്ക, ദിദേശ് ചന്ദ്ര യാദവ് എന്നിവരാണ് ചെയർമാനു പുറമെയുള്ള അംഗങ്ങൾ.
നാലു വർഷം നീണ്ട പ്രക്രിയക്കും ഔപചാരികവും അനൗപചാരികവുമായ 158 കൂടിയാലോചനകൾക്കുമൊടുവിലാണ് ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതാനുള്ള മൂന്ന് ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഗസ്റ്റ് 11ന് ലോക്സഭയിൽ അവതരിപ്പിച്ചത്. 18 സംസ്ഥാനങ്ങളും ആറു കേന്ദ്രഭരണപ്രദേശങ്ങളും സുപ്രീംകോടതിയും 16 ഹൈകോടതികളും അഞ്ചു നീതിന്യായ അക്കാദമികളും 22 നിയമ സർവകലാശാലകളും 142 പാർലമെന്റ് അംഗങ്ങളും 270 നിയമസഭാംഗങ്ങളും പൊതുജനങ്ങളും നൽകിയ അഭിപ്രായങ്ങൾ കണക്കിലെടുത്തശേഷമാണ് ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്നതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 124 എ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയ ‘ഭാരതീയ ന്യായ സൻഹിത’യിൽ അതിനു പകരം അതിനേക്കാൾ കൂടുതൽ കടുത്ത കുറ്റകൃത്യമാക്കി 150ാം വകുപ്പ് ഉൾപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

