പ്രവാസികളുടെ വാക്സിനേഷൻ; എത്രയും വേഗം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈകോടതി നിർദേശം
text_fieldsന്യൂഡൽഹി: പ്രവാസികൾക്കും പഠനത്തിന് വിദേശത്തുപോകാനുള്ള വിദ്യാർഥികൾക്കും വാക്സിനേഷൻ മുൻഗണന നൽകുന്ന കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈകോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ സർക്കാർ നയങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനം കൈക്കൊള്ളാമെന്ന് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരുടെ ബെഞ്ച് ഹരജി തീർപ്പാക്കിക്കൊണ്ട് ചൂണ്ടിക്കാട്ടി. പ്രവാസികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെല്ലാണ് ഹരജി നൽകിയത്.
യാത്രാനിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാത്ത പ്രവാസികൾക്കും സ്റ്റുഡൻറ് വിസയിൽ വിദേശത്ത് പോകുന്ന വിദ്യാർഥികൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ സാധുത ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശരാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യൻ നിർമിത കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ പൂർണമായ പേര് 'ഓക്സ്ഫഡ് ആസ്ട്രസെനക' എന്ന് രേഖപ്പെടുത്തുക, ഇന്ത്യൻ നിർമിത കോവാക്സിന് ലോക ആരോഗ്യ സംഘടനയുടെയും മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, നിലവിൽ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകൾക്കിടയിലുള്ള സമയപരിധി 84 ദിവസം ആയതിനാൽ ഈ നിബന്ധന പ്രവാസികളുടെ വിഷയത്തിൽ പരമാവധി കുറക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരുന്നത്.
വാക്സിനേഷൻ മുൻഗണനാ വിഷയത്തിൽ കേരള സർക്കാർ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ദേശീയതലത്തിൽ ഈ മേഖലയിൽ ഇപ്പോഴും പ്രശ്നങ്ങളുള്ളതിനാലും ഹരജിയിൽ ചൂണ്ടിക്കാണിച്ച വിഷയങ്ങളിൽ കേന്ദ്ര സർക്കാറിെൻറ തീരുമാനങ്ങളും നടപടികളും അനിവാര്യമായതിനാലുമാണ് ഡൽഹി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളതെന്ന് പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ നേരത്തെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

