നേതാവാണല്ലേ? എത്രവരെ പഠിച്ചു? ബിഹാറിൽ നേതാക്കൻമാരുടെ വിദ്യാഭ്യാസ യോഗ്യതയിൽ ചൂടുപിടിച്ച ചർച്ച
text_fieldsതേജസ്വി യാദവ്, സാമ്രാട് ചൗധരി, പ്രശാന്ത് കിഷോർ
പട്ന: തെരഞ്ഞെടുപ്പ് അടുത്ത ബിഹാറിലിപ്പോൾ ചർച്ച നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചാണ്. ആർക്ക് എന്ത് യോഗ്യതയാണുള്ളതെന്നാണ് ചാനലുകളിലും ചോദ്യം. ഒപ്പം ആരൊക്കെയാണ് വ്യാജ യോഗ്യതക്കാർ എന്നതും ചർച്ച തന്നെ. നേരത്തെ ബി.ജെ.പി നേതാക്കളാണ് ഇത് തുടങ്ങിയത്. ലക്ഷ്യം മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവായിരുന്നു. ഒമ്പതാം ക്ലാസ് തോറ്റ നേതാവെന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം.
ജി.ഡി.പിയും ജി.ഡി.പി വളർച്ചയുമൊക്കെ മനസ്സിലാക്കാനുള്ള ശേഷി തേജസ്വിക്കുണ്ടോ എന്നുപോലും എതിർപാർട്ടിക്കാർ ചോദിച്ചു. വിജയത്തിന്റെ മാനദണ്ഡം ഔപചാരിക വിദ്യാഭ്യാസം മാത്രമല്ലെന്നും ഇക്കാര്യം താൻ ക്രിക്കറ്റ് മേഖലയിൽ ഉൾപ്പെടെ തെളിയിച്ചതാണെന്നും തേജസ്വി പറയുന്നു. വിദ്യാഭ്യാസം ക്രിക്കറ്റിനായി ഉപേക്ഷിച്ചതാണ്. ഡൽഹി, ഝാർഖണ്ഡ് ടീമുകൾക്കുവേണ്ടി കളിച്ചു. ആ കാലത്ത് തന്റെ ക്യാപ്റ്റൻസിക്കു കീഴിൽ കളിച്ചയാളാണ് വിരാട് കോഹ്ലിയെന്നും തേജസ്വി പറയുന്നു. സ്റ്റീവ് ജോബ്സിന്റെയും സുക്കർബർഗിന്റെയും ധിരുഭായി അംബാനിയുടെയുമൊക്കെ വിജയം വിദ്യാഭ്യാസം കൊണ്ടല്ലെന്നും അദ്ദേഹം ആവർത്തിക്കുന്നു.
നേരത്തെ വിമർശനമുന്നയിച്ചവരെ ആരോപണം തിരിഞ്ഞുകുത്തുന്ന സമയമാണിപ്പോൾ. മുതിർന്ന ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരി പത്താം ക്ലാസ് പോലും പാസായിട്ടുണ്ടോ എന്ന കാര്യം സംശയമാണെന്നും പിന്നെ എങ്ങനെയാണ് അദ്ദേഹം കാലിഫോർണിയയിൽ നിന്ന് ഡി.ലിറ്റ് നേടിയെന്ന് പറയുന്നതെന്നും ജൻസുരാജ് പാർട്ടി തലവൻ പ്രശാന്ത് കിഷോർ ചോദിക്കുന്നു. ഇതൊക്കെ സർവത്ര തട്ടിപ്പ് നടത്തിയുള്ള പണികളാണ് എന്നാണ് പ്രശാന്ത് കിഷോറിന്റെ വാദം. എന്നാൽ, ചൗധരിയുടെ പിതാവ് തന്നെ പ്രശാന്ത് കിഷോറിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
മറ്റുള്ളവരുടെ യോഗ്യതയിൽ ‘അസ്വസ്ഥനായ’ കിഷോർ സ്വന്തം യോഗ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിലും പതറുന്നുണ്ടെന്നതാണ് മറ്റൊരു രസകരമായ കാര്യം. അടുത്തിടെ, ഒരു അഭിമുഖത്തിൽ വിദ്യാഭ്യാസം സംബന്ധിച്ച ചോദ്യത്തിൽ കിഷോർ നീരസം പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. ഡൽഹി യൂനിവേഴ്സിറ്റിയിലെ പഠനം, ഹൈദരാബാദിലെ എൻജിനീയറിങ് പഠനം, ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിൽ നിന്ന് പൊതുജനാരോഗ്യത്തിലുള്ള ബിരുദം തുടങ്ങിയവയൊക്കെ ശരിക്കുമുള്ളതാണോ ഇതൊക്കെ കിഷോർ പൂർത്തിയാക്കിയിട്ടുണ്ടോ എന്നൊക്കെയാണ് വിമർശകർ ചോദിക്കുന്നത്.
എന്നാൽ, ഇപ്പറഞ്ഞ ബിരുദമൊന്നും വേണമെന്നില്ല, മറിച്ച് യു.എന്നിൽ ഉൾപ്പെടെയുള്ള പ്രവൃത്തി പരിചയം മാത്രം മതി കിഷോറിന്റെ മിടുക്ക് വ്യക്തമാകാനെന്ന് അനുയായികൾ പറയുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ എൻജിനീയറിങ് ബിരുദധാരിയാണ്. ഇപ്പോൾ പട്ന എൻ.ഐ.ടിയായി മാറിയ പഴയ ബിഹാർ എൻജിനീയറിങ് കോളജിൽ നിന്ന് 1972ലാണ് അദ്ദേഹം എൻജിനീയറായത്.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ നിതീഷിനുള്ള മിടുക്കിന് കാരണം ഈ സാങ്കേതിക ജ്ഞാനമാണെന്ന് കാലങ്ങളായി പറയുന്നതാണ്. ബിഹാർ രാഷ്ട്രീയത്തിലെ അതികായനായ ലാലു പ്രസാദ് യാദവ് നിയമ ബിരുദധാരിയാണ്. പട്ന സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം കുറച്ചുകാലം ബിഹാർ വെറ്ററിനറി കോളജിൽ ക്ലർക്കായിരുന്നു. എന്നാൽ, തന്റെ ബിരുദബലം ഒരിക്കലും ലാലു പ്രകടിപ്പിച്ചില്ല. സാധാരണക്കാരുടെ ശൈലിയും പ്രയോഗങ്ങളുമായാണ് അദ്ദേഹം രാഷ്ട്രീയത്തിൽ നിറഞ്ഞത്. തേജസ്വിയും ഈ രീതിയാണ് പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

