ഇന്ത്യയിൽ ആത്മഹത്യകൾ കൂടുന്നു, 2021ലേത് ഏറ്റവും ഉയർന്ന നില- എൻ.സി.ആർ.ബി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ആത്മഹത്യകൾ കൂടുന്നതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയാണ് 2021ൽ രേഖപ്പെടുത്തിയത്. പത്ത് ലക്ഷം പേരിൽ 120 പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ഇത് മുൻ വർഷങ്ങളേക്കാൾ 6.1 ശതമാനം കൂടുതലാണ്. 1967ന് ശേഷം ഇത്രയും കൂടുന്നത് ആദ്യമാണ്. 2010ൽ ആത്മഹത്യ നിരക്ക് പത്ത് ലക്ഷം പേരിൽ 113.5 എന്ന കണക്കിൽ എത്തിയിരുന്നു.
ആത്മഹത്യ ചെയ്യുന്നതിൽ മൂന്നിൽ രണ്ടു ഭാഗവും പ്രതിവർഷം ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവരാണ്. അതിൽ തന്നെ ഭൂരിഭാഗവും ചെറുകിട സംരംഭകരും ദിവസക്കൂലിക്കാരുമാണ്. കർഷകരുടെ ആത്മഹത്യാ നിരക്കും മുൻ വർഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വിദ്യാർഥികളിലെ ആത്മഹത്യ പ്രവണതയും പ്രതിവർഷം വർധിക്കുന്നതായാണ് കണ്ടെത്തൽ. 2020ൽ പുറത്ത് വിട്ട എൻ.സി.ആർ.ബി റിപ്പോർട്ടും സൂചിപ്പിച്ചത് ഇത് തന്നെയാണ്. 2021-ൽ 1,64,033 പേർ ആത്മഹത്യ ചെയ്തു. 2020 ൽ 1,53,052 ആയിരുന്നു നില. കോവിഡ് ഉണ്ടാക്കിയ ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങൾ പ്രധാന കാരണങ്ങളിലൊന്നാണ്.
ഇന്ത്യയിലെ അപകട മരണങ്ങളുടെയും ആത്മഹത്യകളുടെയും വിവരങ്ങളും(എ.ഡി.എസ്.ഐ) ക്രൈം ഇൻ ഇന്ത്യ (സി.ഐ.ഐ) ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് എൻ.സി.ആർ.ബി റിപ്പോർട്ട് തയാറാക്കുന്നത്.
ലോക്ഡൗൺ കാരണം 2020, 2021 കാലത്ത് കുറ്റകൃത്യങ്ങളിലും റോഡപകടങ്ങൾ കാരണമുള്ള മരണങ്ങളിലും കുറവുണ്ടായിരുന്നു.റോഡപകട മരണങ്ങൾ 2020-ൽ 146,354-ൽ നിന്ന് 2021-ൽ 173,860 ആയി വർധിച്ചു. എങ്കിലും 1,81,113 മരണങ്ങൾ നടന്ന 2019-നെ അപേക്ഷിച്ച് കുറവാണ്.
പ്രകൃതി ദുരന്തങ്ങൾ കാരണമുള്ള മരണങ്ങളും 2020നെ അപേക്ഷിച്ച് 2021ൽ കുറഞ്ഞിരുന്നു. 2020ൽ 7,405 മരണങ്ങൾ ആയിരുന്നത് 2021 ൽ 7,126 ആയി. 2019ൽ ഇത് 8,145 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

