മുംബൈ: മഹാരാഷ്ട്ര ഭീവണ്ടിയിൽ കനത്തമഴയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 33 ആയി ഉയർന്നു. ദേശീയ ദുരന്ത നിവാരണ സേനയാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 13 പേരുടെ മൃതദേഹങ്ങൾ കൂടി ചൊവ്വാഴ്ച കണ്ടെടുത്തു. രണ്ട് മുതൽ 15 വയസ് വരെ പ്രായമുള്ള 11 കുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു.
അതേസമയം, കെട്ടിടത്തിനുള്ളിൽ കുടങ്ങിയവർക്കായി മൂന്നാം ദിവസവും എൻ.ഡി.ആർ.എഫ് സംഘത്തിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷപ്പെട്ടവരെ ഭീവണ്ടി, താനെ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച പുലർച്ചെ കനത്തമഴയെ തുടർന്ന് 40 വർഷം പഴക്കമുള്ള മൂന്നുനില കെട്ടിടം നിലംപൊത്തുകയായിരുന്നു. ഭീവണ്ടി, നർപോളി പട്ടേൽ കോമ്പൗണ്ടിലെ ഗിലാനി ബിൽഡിങ് ആണ് തകർന്നു വീണത്.
കെട്ടിടത്തിൽ 25 കുടുംബങ്ങൾ താമസിച്ചിരുന്നു. താമസക്കാർ ഉറങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഏഴു വയസ്സുകാരരൻ ഉൾപ്പെടെ 25 പേരെ രക്ഷപ്പെടുത്തി.
കെട്ടിടം തകർന്ന അവസ്ഥയിലായിരുന്നുവെന്നും താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചിരുന്നതായും താനെ മുൻസിപ്പൽ കോർപറേഷൻ വ്യക്തമാക്കുന്നു. എന്നാൽ, കൃത്യവിലോപത്തിന് രണ്ട് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കെട്ടിട ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
താനെയിൽ നിന്ന് 10 കിലോമീറ്റർ അകലെ വസ്ത്രനിർമാണ ശാലകൾ സ്ഥിതി ചെയ്യുന്ന പട്ടണത്തിൽ 40 ഫ്ലാറ്റുകളാണുള്ളത്.