കരൂർ ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു; മരിച്ചത് ചികിത്സയിലായിരുന്ന 65കാരി, വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
text_fieldsകരൂർ: തമിഴ്നാട്ടിലെ കരൂരിൽ ടി.വി.കെ നേതാവും നടനുമായ വിജയ് യുടെ റാലിക്കിടെ തിക്കും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. കരൂർ സ്വദേശിയായ 65കാരി സുഗുണയാണ് മരിച്ചതെന്ന് റിപ്പോർട്ട്. തിക്കും തിരക്കിലുംപെട്ട് ഗുരുതര പരിക്കേറ്റ സുഗുണ വെന്റിലേറ്ററിലായിരുന്നു.
അപകടത്തിൽ മരിച്ചവരിൽ ഒമ്പത് കുട്ടികളും 18 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടും. പരിക്കേറ്റ 116 പേർ കരൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ചിലരുടെ നില ഗുരുതരമാണ്. മരിച്ച 40 പേരിൽ 33 പേർ കരൂർ ജില്ലയിൽ നിന്നുള്ളവരാണ്. ആറുവയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് മരിച്ചത്.
അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ഏകാംഗ ജുഡീഷ്യൽ കമീഷൻ ഞായറാഴ്ച വൈകീട്ട് അന്വേഷണം തുടങ്ങി. കരൂർ വേലുച്ചാമിപുരത്തെ പൊതുയോഗ സ്ഥലവും സമീപ പ്രദേശങ്ങളും ജസ്റ്റിസ് അരുണ ജഗദീശൻ സന്ദർശിച്ചു. പിന്നീട് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മൊഴിയെടുത്തു. പൊതുജനങ്ങളുമായും അവർ സംസാരിച്ചു.
അതിനിടെ, സംഭവത്തിൽ തമിഴക വെട്രികഴകം ജനറൽ സെക്രട്ടറി പുസി ആനന്ദ്, ജോയന്റ് ജനറൽ സെക്രട്ടറി സി.ടി. നിർമൽ കുമാർ എന്നിവരുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രചാരണ പരിപാടി നടത്തുന്നതിന് പൊലീസ് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി വി.പി. മതിയഴകനാണ് ഒന്നാം പ്രതി.
മനഃപൂർവമല്ലാത്ത നരഹത്യ, മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അശ്രദ്ധ, പൊലീസ് ഉത്തരവ് അനുസരിക്കാതിരിക്കൽ, പൊതു സ്വത്തിന് നാശനഷ്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിജയ്ക്കെതിരെ കേസെടുത്തിട്ടില്ല. ടി.വി.കെ അധ്യക്ഷൻ വിജയ് യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന ബി.ജെ.പി ചെന്നൈ കോർപറേഷൻ കൗൺസിലർ ഉമ ആനന്ദ് സമർപ്പിച്ച ഹരജി ജസ്റ്റിസ് ശെന്തിൽകുമാർ തള്ളി. വിജയ് ക്കെതിരെ പരിക്കേറ്റയാൾ നൽകിയ ഹരജി ഹൈകോടതി ഇന്നലെ പരിഗണിച്ചില്ല. അന്വേഷിക്കുന്നതിന് സി.ബി.ഐയെയോ പ്രത്യേകാന്വേഷണ സംഘത്തെയോ (എസ്.ഐ.ടി) നിയോഗിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതി ജഡ്ജി ദണ്ഡപാണിയുടെ വസതിയിലെത്തി ടി.വി.കെ ഭാരവാഹികളും അഭിഭാഷകരും ഹരജി സമർപ്പിച്ചു.
അതേസമയം, വിജയ്ക്ക് അഞ്ച് സായുധ കേന്ദ്രസേനാംഗങ്ങളെ കൂടുതലായി സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചു. നിലവിൽ വിജയ്ക്ക് കേന്ദ്ര സർക്കാർ ‘വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കരൂർ ദുരന്തത്തെത്തുടർന്ന് വിജയ് യുടെ വസതിക്കുമുന്നിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 15ഓളം പൊലീസുകാരുടെ സുരക്ഷ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തി.
വിജയ് യുടെ വസതിക്കുസമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെ കസ്റ്റഡിയിലെടുക്കാനും നിർദേശമുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും പ്രത്യേകം ബാരിക്കേഡുകളിട്ട് നിയന്ത്രണമേർപ്പെടുത്തി. പ്രത്യേക സാഹചര്യത്തിൽ അടുത്തയാഴ്ച നടത്താനിരുന്ന വിജയ് യുടെ പര്യടന പരിപാടി റദ്ദാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിൽ തിക്കും തിരക്കിലുംപെട്ട് ഇത്രയധികം പേർ മരിച്ച സംഭവം രാജ്യത്ത് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. 2022ൽ ആന്ധ്ര നെല്ലൂരിൽ തെലുഗുദേശം കക്ഷി ചന്ദ്രബാബു നായിഡുവിന്റെ യോഗത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു പേർ മരിച്ചിരുന്നു.
ടി.വി.കെ നേതാവും നടനുമായ വിജയ് ശനിയാഴ്ചകളിലാണ് പര്യടന പ്രചാരണ യോഗങ്ങൾ നടത്തുന്നത്. ആദ്യം തിരുച്ചിയിലും അരിയല്ലൂരിലും രണ്ടാം ഘട്ടത്തിൽ നാഗപട്ടണത്തും തിരുവാരൂരിലും പ്രചാരണം നടത്തി. മൂന്നാം ശനിയാഴ്ചയാണ് നാമക്കൽ, കരൂർ ജില്ലകളിൽ പര്യടനം നടത്തിയത്.
കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വിജയ് എത്തുമെന്നാണ് ടി.വി.കെ നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ, വിജയ് തിരുച്ചി വിമാനത്തിലിറങ്ങി നാമക്കലിൽ മൂന്നുമണിയോടെയാണ് എത്തിയത്. കരൂരിലേക്ക് രാത്രി ഏഴുമണിയോടെ എത്തി. വേലുച്ചാമിപുരത്ത് പതിനായിരത്തോളം പേർ എത്തുമെന്നാണ് ടി.വി.കെ കരൂർ ജില്ല സെക്രട്ടറി മതിയഴകൻ പൊലീസ് അനുമതി തേടി നൽകിയ അപേക്ഷയിൽ അറിയിച്ചിരുന്നത്. ഇതേയിടത്തിൽ മാത്രം മൂന്നിരട്ടി ജനങ്ങൾ എത്തിച്ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

