നാസിക്: സോണായ് ദുരഭിമാനകൊലക്കേസിൽ വിചാരണകോടതി ആറ് പ്രതികൾക്ക് വധശിക്ഷ വിധിച്ചു. 2013ൽ മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിലെ സോണായ്യിൽ ദുരഭിമാന കൊലയിലൂടെ മൂന്ന് ദലിത് യുവാക്കളുടെ ജീവനെടുത്ത കേസിലാണ് ജഡ്ജി ആർ.ആർ. വൈഷ്ണവ് െഎ.പി.സിയിലെ വിവിധ വകുപ്പുകൾ പ്രകാരം രഘുനാഥ് ദറൻഡാലെ (52), രമേശ് ദറൻഡാലെ (42), പ്രകാശ് ദറൻഡാലെ (38), പ്രവീൺ ദറൻഡാലെ (23), അശോക് നവ്ഗിറെ (32), സന്ദീപ് കുർഹെ (37) എന്നിവർക്ക് വധശിക്ഷ വിധിച്ചത്.
സചിൻ ഗരു (24), സന്ദീപ് തൻവാർ (25), രാഹുൽ കണ്ഡാരെ (20) എന്നിവരെയാണ് 2013 ജനുവരി ഒന്നിന് സോണായ് ഗ്രാമത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത്. ശരീരഭാഗങ്ങൾ വികലമാക്കിയശേഷം മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. ദലിതായ സചിൻ ഗരുവും മറാത്ത സമുദായത്തിൽപെട്ട പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തെ തുടർന്നാണ് പ്രതികൾ ദുരഭിമാന കൊല നടത്തിയതെന്നാണ് കേസ്.