കോവിഡ് രണ്ടാം തരംഗ പടർച്ച കുറഞ്ഞെന്ന് കണക്ക്; മരണസംഖ്യ മേലോട്ട്
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായി പിന്നിട്ട് താഴേക്കുവരുന്നുവെന്ന ഔദ്യോഗിക വിശദീകരണങ്ങൾ നിലനിൽക്കേ, മരണനിരക്ക് വീണ്ടും ഉയർന്നു. കഴിഞ്ഞയാഴ്ച രാജ്യത്ത് പ്രതിദിന മരണസംഖ്യ ശരാശരി 4205 ആയിരുന്നത് ഇപ്പോൾ 4329ൽ എത്തി. മരണങ്ങളിൽ ആയിരവും മഹാരാഷ്ട്രയിൽനിന്നാണ്. കർണാടക 476, ഡൽഹി 340, തമിഴ്നാട് 335, യു.പി 271, പഞ്ചാബ് 191, രാജസ്ഥാൻ 157, പശ്ചിമ ബംഗാൾ 147 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഔദ്യോഗിക കണക്ക്.
അതേസമയം, മരണനിരക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറഞ്ഞു തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 2,78,719 പേർ. ഇതിൽ 82,486 പേരും മഹാരാഷ്ട്രയിലാണ്. ഡൽഹിയിൽ 21,846 പേർ. അനുബന്ധ രോഗങ്ങൾമൂലമുള്ള മരണമാണ് 70 ശതമാനവുമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
ഇതിനിടെ, രണ്ടാം തരംഗപ്പടർച്ചക്കിടയിൽ യു.പിയിൽ 37 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിശദീകരിച്ചു. ആദ്യ തരംഗത്തിൽ 54 പേർ മരിച്ചു. രാജ്യത്താകെ രണ്ടാം തരംഗത്തിൽപെട്ട് 270 ഡോക്ടർമാരാണ് മരിച്ചത്.
നാലാഴ്ചക്കിടയിൽ ഇതാദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 2.63 ലക്ഷത്തിലേക്ക് താഴ്ന്നതായി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
വാക്സിൻ ലഭ്യതക്ക് നടപടി –മോദി
ന്യൂഡൽഹി: വാക്സിൻ ലഭ്യതക്ക് തുടർച്ചയായ നടപടികൾ സ്വീകരിച്ചു വരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ ഓരോ സംസ്ഥാനത്തിനും 15 ദിവസം മുേമ്പ നൽകാൻ പാകത്തിൽ സമയക്രമം തയാറാക്കി വരികയാണെന്നും മോദി പറഞ്ഞു.
സംസ്ഥാന, ജില്ലതല ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിങ് നടത്തുകയായിരുന്നു മോദി. കോവിഡിനെ നേരിടാൻ വാക്സിനാണ് കരുത്തുറ്റ മാർഗം. വാക്സിനേഷനെക്കുറിച്ച തെറ്റായ ധാരണകൾ തിരുത്തണമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

