യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും.
ശൈഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോദി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണവുമുള്ള നേതാവുമായിരുന്നു അദ്ദേഹം. ഇന്ത്യ-യു.എ.ഇ ബന്ധം അഭിവൃദ്ധി പ്രാപിച്ചത് അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയംഗമമായ അനുശോചനം യു.എ.ഇയെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായും മോദി ട്വീറ്റ് ചെയ്തു.
ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ കുടുംബത്തോടും യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ ജനങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. യു.എ.ഇയിൽ ദ്രുതഗതിയിലുള്ള വികസനം കൊണ്ടുവന്ന, ദീർഘവീക്ഷണമുള്ള നേതാവെന്ന നിലയിൽ അദ്ദേഹം സ്‌നേഹത്തോടെ ഓർമിക്കപ്പെടുമെന്നും രാഹുൽ പറഞ്ഞു.