ഐ.ഐ.ടി ബോംബെയിലെ വിദ്യാർഥിയുടെ മരണം: ജസ്റ്റിസ് കോർണറിൽ നിരാഹാര സമരം ആരംഭിച്ച് വിദ്യാർഥികൾ
text_fieldsമുംബൈ: ഐ.ഐ.ടി ബോംബെയിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥി മരിച്ച സംഭവത്തിൽ നീതി തേടിയുള്ള വിദ്യാർഥികളുടെ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. സെപ്റ്റംബർ 18-ന് നടന്ന ദാരുണമായ സംഭവത്തെ തുടർന്ന് കഴിഞ്ഞ 15 ദിവസമായി ക്യാമ്പസിനുള്ളിൽ തുടരുന്ന പ്രതിഷേധങ്ങളുടെ അടുത്ത ഘട്ടമായി വിദ്യാർഥികൾ ക്യാമ്പസിലെ 'ജസ്റ്റിസ് കോർണറിൽ' അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. അകാലത്തിൽ പൊലിഞ്ഞ സഹപാഠിക്ക് നീതി ഉറപ്പാക്കാനും ഇൻസ്റ്റിറ്റ്യൂട്ട് ഭരണകൂടത്തിന്റെ വീഴ്ചകളിൽ കൃത്യമായ ഉത്തരവാദിത്തം നിശ്ചയിക്കാനും ലക്ഷ്യമിട്ടാണ് ഈ സമരം.
സെപ്റ്റംബർ 18-ന് പരീക്ഷക്കിടെ ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മനംനൊന്ത് വിദ്യാർഥിയുടെ മാതാപിതാക്കളും മുംബൈയിലെ ആസാദ് മൈതാനത്ത് നിരാഹാര സമരം തുടരുകയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശിരീഷ് കേദാരെ രാജി വെക്കണമെന്നും, വിദ്യാർഥിയോട് ജാതീയമായ അധിക്ഷേപം നടത്തിയെന്ന് കുടുംബം ആരോപിക്കുന്ന പ്രൊഫസർ സൂര്യനാരായണ ഡൂളയെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രധാന കവാടത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ വിദ്യാർഥികളുടെ ആശങ്കകൾ നേരിട്ട് കേൾക്കാൻ ഡയറക്ടർ തയാറായില്ലെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു.
സംഭവത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന പ്രധാന ആവശ്യത്തിന് പുറമെ ഡയറക്ടറുടെ രാജിയും പ്രൊഫസറുടെ സസ്പെൻഷനും ഉൾപ്പെടുത്തിയ 18 ആവശ്യങ്ങളടങ്ങിയ പത്രം വിദ്യാർഥികൾ ഭരണകൂടത്തിന് സമർപ്പിച്ചു. ക്യാമ്പസിലെ വിദ്യാർഥികളുടെ മാനസികാരോഗ്യം അധ്യാപക-വിദ്യാർഥി ബന്ധങ്ങൾ, മൂല്യനിർണ്ണയ രീതികൾ, മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിലും വിദ്യാർഥികൾ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തം വീഴ്ചകൾ അംഗീകരിക്കാതെ മാറ്റങ്ങൾ സാധ്യമല്ലെന്നാണ് വിദ്യാർഥികളുടെ ഉറച്ച നിലപാട്.
അതേസമയം ദളിത് വിദ്യാർഥിയുടെ മരണത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അംബേഡ്കർ അസോസിയേഷൻ ഓഫ് നോർത്ഥ് അമേരിക്ക ഉൾപ്പെടെ ഇരുപതിലധികം അംബേഡ്കറൈറ്റ് സംഘടനകൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടിയെ വിമർശിക്കുകയും അന്വേഷണത്തിൽ സുതാര്യത ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പുറമെ, വിഷയത്തിൽ ഉടൻ ഇടപെടണമെന്നും പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമ തടയൽ നിയമപ്രകാരം കേസ് ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിൽ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി വർഷ ഗെയ്‌ക്‌വാദ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

