ഗസ്സയിലെ സാധാരണക്കാരുടെ മരണം: ഇന്ത്യ അപലപിക്കുന്നു -പ്രധാനമന്ത്രി
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ സാധാരണക്കാരുടെ മരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സംഭാഷണത്തിലും നയതന്ത്ര നീക്കത്തിലുമാണ് ഇന്ത്യയുടെ ഊന്നലെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തിയശേഷം ഫലസ്തീനിലേക്ക് ഇന്ത്യ മാനുഷിക സഹായം അയച്ചുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ‘ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ രണ്ടാം ശബ്ദം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ലോകസമൃദ്ധിക്ക് എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം (സബ്കാ സാഥ് സബ്കാ വികാസ് ) അനിവാര്യമാണെന്ന് പറഞ്ഞാണ് ഫലസ്തീനുമേൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടയിൽ ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളോടെ പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നത് എല്ലാവരും കാണുന്നുണ്ടെന്ന് മോദി പറഞ്ഞു.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. സംഘർഷവേളയിൽ സംയമനം പാലിച്ച് സംഭാഷണവും നയതന്ത്രനീക്കവും സംയോജിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ മഹത്തായ ആഗോള നന്മക്കുവേണ്ടി ഒരേ സ്വരത്തിൽ സംസാരിക്കേണ്ട സമയമാണിത്. ‘ഒരു ഭൂമി-ഒരു കുടുംബം-ഒരു ഭാവി’ എന്ന ലക്ഷ്യത്തിലേക്ക് കൂടിയാലോചന, സഹകരണം, ആശയവിനിമയം, ക്രിയാത്മകത, ശേഷിവർധന എന്നിവയുമായി മുന്നോട്ടുപോകണമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

