‘എന്റെ അമ്മ കുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ചു, ഇപ്പോൾ മരണ സർട്ടിഫിക്കറ്റിനായി ഒരു ഓഫിസിൽനിന്ന് മറ്റൊന്നിലേക്ക് നെട്ടോട്ടമോടിക്കുന്നു’
text_fieldsകുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ച 30 പേരിൽ ഒരാളായ താരാദേവി (മധ്യത്തിൽ)
പട്ന: യു.പിയിലെ മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് അമ്മയെ നഷ്ടപ്പെട്ട 24കാരനായ ധനഞ്ജയ് കുമാർ ഗോണ്ട് ഗതികിട്ടാതെ അലയുകയാണിപ്പേൾ. ദുരന്തത്തിനുശേഷം ബീഹാറിലെ ഗോപാൽഗഞ്ചിലെ വീട്ടിലേക്ക് മടങ്ങിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അമ്മയുടെ മരണ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പ്രാദേശിക ഭരണകൂടവും പൊലീസും അറിയിച്ചു. തിങ്കളാഴ്‌ച പ്രയാഗ്‌രാജിലേക്ക് മടങ്ങിയെത്തിയ ഗോപാൽ മരണസർട്ടിഫിക്കറ്റിനായി ആശുപത്രികളിലും സർക്കാർ ഓഫിസുകളിലും കയറിയിറങ്ങി. നിരാശയായിരുന്നു ഫലം.
ആരാണ് മരണ സർട്ടിഫിക്കറ്റ് നൽകുകയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ഇങ്ങനെ ദിക്കറിയാതെ ഓടിക്കൊണ്ടിരിക്കുന്ന കുടുംബാംഗങ്ങളിൽ ഒരാളാണ് ധനഞ്ജയ്. മഹാകുംഭം കന്റേൺമെന്റ് ഏരിയയിൽ നടക്കുന്നതിനാൽ, ഏത് അതോറിറ്റിയാണ് മരണ സർട്ടിഫിക്കറ്റ് നൽകേണ്ടത് എന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും പറയുന്നു. അലഹബാദിലെ കന്റേൺമെന്റ് ബോർഡ്, പരിപാടിയുടെ സയമത്തുടനീളം കുംഭമേള നടക്കുന്ന ഭൂമി ഭരണകൂടത്തിന് കൈമാറിയതാണ്.
തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചുവെങ്കിലും ഔദ്യോഗിക പട്ടിക ഇനിയും പുറത്ത് വന്നിട്ടില്ല. മരിച്ചവരെയും പരിക്കേറ്റവരെയും കൊണ്ടുപോയ നിരവധി ആശുപത്രികളും മരിച്ചവരുടെ പട്ടിക പങ്കുവെച്ചിട്ടില്ല.
സംഭവം നടക്കുന്ന ഭൂമി അവരുടേതായതിനാൽ അലഹബാദിലെ കന്റോൺമെന്റ് ബോർഡ് ആണ് മരണ സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നാണ് പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടം പറയുന്നത്. ഇതു തന്നെയാണ് പ്രയാഗ്‌രാജ് ചീഫ് മെഡിക്കൽ ഓഫിസറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും പറയുന്നത്. എന്നാൽ, കുംഭം ഭൂമി ജില്ലാ ഭരണസമിതിക്ക് കൈമാറിയതിനാൽ അതിന്റെ ഉത്തരവാദിത്തം അവർക്കാണെന്നാണ് ബോർഡിന്റെ നിലപാട്.
അതേസമയം, മരണ സർട്ടിഫിക്കറ്റുകൾ മുനിസിപ്പൽ കോർപ്പറേഷൻ നൽകുമെന്ന് കുംഭം അഡീഷണൽ മേള ഓഫിസർ വിവേക് ചതുർവേദി കയ്യൊഴിഞ്ഞു. എന്നാൽ, തിക്കിലും തിരക്കിലും പെട്ടവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് പ്രയാഗ്‌രാജ് അഡീഷണൽ മുനിസിപ്പൽ കമീഷണർ അംബീഷ് കുമാർ ബിന്ദ് പറയുന്നു.
മരണസർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ഉത്തരവാദികൾ ആരാണെന്ന് തങ്ങൾക്ക് ഉറപ്പില്ലെന്നും ആശുപത്രി അത് നൽകില്ലെന്നും എസ്.ആർ.എൻ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.എ.കെ.സക്‌സേന പറഞ്ഞു. തിക്കിലും തിരക്കിലുംപെട്ടവരിൽ ഭൂരിഭാഗം പേരെയും എസ്.ആർ.എൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
മരിച്ചവരെ ആശുപത്രിയിൽ എത്തിച്ചതിനാൽ മരണ സർട്ടിഫിക്കറ്റ് കന്റോൺമെന്റ് ബോർഡ് നൽകുമെന്ന് പോസ്റ്റ്‌മോർട്ടം നടന്ന മോത്തിലാൽ നെഹ്‌റു നാഷണൽ മെഡിക്കൽ കോളജിന്റെ മീഡിയ ഇൻചാർജ് ഡോ. സന്തോഷ് സിങ് പറഞ്ഞു. ചികിത്സക്കിടെ ആശുപത്രിയിൽ ഒരാൾ മരിക്കുമ്പോൾ മാത്രമാണ് ഞങ്ങൾ മരണ സർട്ടിഫിക്കറ്റ് നൽകുന്നതെന്നും സിങ് അറിയിച്ചു.
കുംഭം കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിക്കുന്ന വ്യക്തികൾക്ക് മാത്രമേ ബോർഡ് മരണ സർട്ടിഫിക്കറ്റ് നൽകൂവെന്ന് കന്റോൺമെന്റ് ബോർഡ് സി.ഇ.ഒ മുഹമ്മദ് സമീർ ഇസ്‍ലാം പറയുന്നു. തങ്ങളുടെ ടീം നിയന്ത്രിക്കുന്ന മേള ഗ്രൗണ്ടിനുള്ളിൽ അത്തരത്തിലുള്ള ഒരു ആശുപത്രി മാത്രമേ പ്രവർത്തിക്കൂവെന്നും തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേർക്ക് ആ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബോർഡിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതായും ഇസ്‍ലാം പറഞ്ഞു. ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയ ഇരകൾക്ക് ആരാണ് മരണ സർട്ടിഫിക്കറ്റ് നൽകുകയെന്നതിനെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യുക, പെൻഷൻ, വിധവാ അലവൻസ് തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ നേടുക, സ്വത്ത് അനന്തരാവകാശം തീർക്കുക, മരണപ്പെട്ടയാളെ നിയമപരവും സാമ്പത്തികവുമായ ബാധ്യതകളിൽനിന്ന് മോചിപ്പിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് മരണ സർട്ടിഫിക്കറ്റുകൾ ആവശ്യമുണ്ടെന്നിരിക്കെയാണ് ഇരകളുടെ കുടുംബങ്ങളെ അധികൃതർ നെട്ടോട്ടമോടിക്കുന്നത്.
‘സമരമല്ലാതെ മറ്റൊന്നുമില്ല’
‘തിക്കിലും തിരക്കിലും പെട്ട് എനിക്ക് എന്റെ അമ്മ താരാദേവിയെ (65) നഷ്ടപ്പെട്ടു. അന്നുമുതൽ സമരമല്ലാതെ മറ്റൊന്നുമല്ല’ - മകൻ ധനഞ്ജയ് പറഞ്ഞു. ‘ബിഹാറിലെ അധികാരികളുടെ നിർദേശപ്രകാരം ഞാൻ പ്രയാഗ്‌രാജിലേക്ക് മടങ്ങി. അതിനുശേഷം, ഞാൻ ഒരു ഓഫിസിൽ നിന്ന് മറ്റൊന്നിലേക്ക് ഓടുകയാണ്. ‘ഞങ്ങളുടെ പ്രദേശത്തുനിന്ന് ധാരാളം ആളുകൾ പ്രയാഗ്‌രാജിലേക്ക് പോകുന്നതിനാൽ എന്റെ അമ്മയും പോകാൻ ആഗ്രഹിച്ചു. കൂടെ ചെല്ലാൻ എന്നോട് ആവശ്യപ്പെട്ടു. ഇത്രയും തിരക്കുള്ള സ്ഥലത്തേക്ക് അവരെ കൊണ്ടുപോയത് എന്റെ തെറ്റാണ്’ -ധനഞ്ജയ് പറഞ്ഞു.
ഇവരുടെ ബന്ധുവായ സരസ്വതി ദേവിക്കും (70) തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ടു. അവരുടെ കുടുംബവും ഇതേ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ‘എന്റെ അമ്മയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഗോപാൽഗഞ്ചിലെ ലോക്കൽ പൊലീസ് നിർദേശിച്ചു. പക്ഷേ, അത് എപ്പോൾ നൽകുമെന്ന് ഇവിടെ ആരും ഉറപ്പ് നൽകുന്നില്ല. രണ്ട് ദിവസമായി വ്യക്തമായ നിർദേശങ്ങൾക്കായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ് -സരസ്വതീ ദേവിയുടെ മകൻ കമലേഷ് മാജ്ഹി പറഞ്ഞു.
മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്നുള്ള ഹുകും ലോധിയുടെ മകൾ ഇരുപതുകാരിയായ ദീപയും മരണ സർട്ടിഫിക്കറ്റ് എവിടെ നിന്ന് കിട്ടുമെന്നറിയാതെ പ്രയാഗ്‌രാജിലെ വിവിധ ഓഫിസുകൾ കയറിയിറങ്ങുന്നു. അമ്മയുടെ മരണത്തിന്റെ ആഘാതം മാറും മുമ്പ് സർട്ടിഫിക്കറ്റിനായി ബന്ധുവായ ലക്ഷ്മി ദേവിയോടൊപ്പം പ്രയാഗ്‌രാജിൽ മടങ്ങിയെത്തിയിരിക്കുകയാണ് ദീപയിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

