ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മരണവും ചീഫ് ജസ്റ്റിസിനു നേർക്കുള്ള ഷൂ ഏറും; രാജ്യത്തെങ്ങും ദലിതർക്കെതിരായ അക്രമങ്ങളുടെ പരമ്പരയെന്ന് പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ഹരിയാനയിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ വൈ. പുരൺ കുമാറിന്റെ മരണവും ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്കുനേരെ ഷൂ എറിയാനുള്ള ശ്രമവും ചൂണ്ടിക്കാട്ടി ബി.ജെ.പി ഭരണത്തിൻ കീഴിൽ രാജ്യത്തുടനീളം ദലിതർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
‘ജാതീയ പീഡനത്തിൽ താങ്ങാനാവാതെ ഹരിയാനയിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ വൈ.പുരൺ കുമാർ ജിയുടെ ആത്മഹത്യ രാജ്യത്തെ ഞെട്ടിച്ചു. രാജ്യത്തുടനീളമുള്ള ദലിതർക്കെതിരായ അനീതിയുടെയും അതിക്രമങ്ങളുടെയും തുടർച്ചയായ ശൃംഖല ഭയാനകമാണെ‘ന്നും വയനാട്ടിൽ നിന്നുള്ള ലോക്‌സഭാ എം.പി തന്റെ ‘എക്സ്’ ഹാൻഡിൽ എഴുതി.
ബി.ജെ.പി ഭരണം ദലിതർക്ക് ശാപമായി മാറിയിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് റായ്ബറേലിയിൽ ഹരി ഓം വാൽമീകിയുടെ കൊലപാതകവും സുപ്രീംകോടതിയിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കെതിരെ ഷൂ എറിയാൻ ശ്രമിച്ചതും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയും ഉൾപ്പെടെയുള്ള സംഭവങ്ങളെന്ന് പ്രിയങ്ക പറഞ്ഞു.
ഒരു സാധാരണ പൗരനായാലും ഉയർന്ന സ്ഥാനത്തിരിക്കുന്ന ആളായാലും അവർ ദലിത് സമൂഹത്തിൽ പെട്ടവരാണെങ്കിൽ, അനീതിയും മനുഷ്യത്വമില്ലായ്മയും അവരെ വെറുതെ വിടുന്നില്ല. ഉയർന്ന സ്ഥാനത്തിരിക്കുന്ന ദലിതരുടെ അവസ്ഥ ഇതാണെങ്കിൽ, സാധാരണ ദലിത് സമൂഹം ജീവിക്കുന്ന സാഹചര്യങ്ങൾ സങ്കൽപ്പിച്ചുനോക്കൂ എന്നും അവർ എഴുതി.
ഒക്ടോബർ 2ന് ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ഗ്രാമവാസികൾ കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണ് വാൽമീകിയെ കൊലപ്പെടുത്തിയത്. കോടതി നടപടികൾക്കിടെ അഭിഭാഷകനായ രാകേഷ് കിഷോർ ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചു. അഭിഭാഷകനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചു.
‘ജാതിയുടെ പേരിൽ മനുഷ്യരാശിയെ തകർക്കുന്ന ആഴം കൂടുന്ന സാമൂഹിക വിഷത്തിന്റെ പ്രതീകമാണ് ഹരിയാന ഐ.പി.എസ് ഉദ്യോഗസ്ഥൻ വൈ പുരൺ കുമാറിന്റെ ആത്മഹത്യ’യെന്ന് രാഹുൽ ഗാന്ധി നേരത്തെ ‘എക്‌സി’ൽ എഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

