വേദാന്ത പ്ലാന്റിലെ സ്ഫോടനം; ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു, മരണസംഖ്യ 24 ആയി
text_fieldsറായ്പൂർ: ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചതോടെ മരണസംഖ്യ 24 ആയി ഉയർന്നു. റായ്ഗഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഝാർഖണ്ഡ് സ്വദേശിയാണ് അപകടം നടന്ന് ആറാംദിവസം മരിച്ചത്. വിവിധ ആശുപത്രികളിലായി ഒരു ഡസനോളം പേർ ചികിത്സയിലുണ്ടെന്നും ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ശനിയാഴ്ച ചികിത്സയിലായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. റായ്ഗഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പശ്ചിമബംഗാൾ സ്വദേശി സുബ്രത കുമാർ ജനയും റായ്പൂരിലെ കൽഡ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഝാർഖണ്ഡ് സ്വദേശി ഉപേന്ദ്ര സാഹയുമാണ് മരിച്ചത്. ഇരുവർക്കും 90 ശതമാനത്തിലധികം പരിക്കേറ്റിരുന്നതായും അധികൃതർ അറിയിച്ചു.
ഏപ്രിൽ 14നാണ് സിംഗിതരായ് ഗ്രാമത്തിലെ വേദാന്ത പവർ പ്ലാന്റിൽ സ്ഫോടനമുണ്ടായത്. ബോയിലറിൽ നിന്ന് ടർബൈനിലേക്ക് ഉയർന്ന മർദ്ദത്തിലുള്ള നീരാവി കൊണ്ടുപോകുന്ന സ്റ്റീൽ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. നിരവധി തൊഴിലാളികൾക്ക് അപകടത്തിൽ പരിക്കേറ്റു. സംഭവസ്ഥലത്തുവെച്ചുതന്നെ നാലു തൊഴിലാളികൾ മരിച്ചിരുന്നു. ഏപ്രിൽ 15ന് ഏഴു തൊഴിലാളികൾ ആശുപത്രിയിൽവെച്ച് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിൽ വൻ തോതിൽ അശ്രദ്ധയും സുരക്ഷാ വീഴ്ചയും ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി ചെയർമാൻ അനിൽ അഗർവാൾ ഉൾപ്പെടെ എട്ടു മുതൽ പത്തോളം പേർക്കെതിരെ കേസെടുത്തിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ, യന്ത്രസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

