സംഗീത പരിപാടിക്കിടെ അമിതമായി മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം; യുവതി ആശുപത്രിയിൽ
text_fieldsമുംബൈ: മുംബൈയിലെ വോർളിയിൽ എൻ.എസ്.സി.ഐ ഡോമിൽ നടന്ന സംഗീത പരിപാടിക്കിടെ അമിതമായി മദ്യം കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. യുവാവിനൊപ്പം പരിപാടിയിൽ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്ത സുഹൃത്തായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മാഹിം നിവാസിയായ 28കാരനായ വൃഷഭ് ഗാംഗുർദെയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി നടന്ന ‘ക്ലാങ്കുൻസ്റ്റ്ലർ ഓൾ നൈറ്റ് ലോങ്’ സംഗീത പരിപാടിക്കിടെയാണ് സംഭവം. പരിപാടിയിൽ പങ്കെടുത്തിരുന്ന 35കാരനായ വൃഷഭ് ഗാംഗുർദയും യുവതിയും മദ്യം ഉൾപ്പെടെയുള്ള പാനീയങ്ങൾ അമിതമായി കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി പൊലീസ് അറിയിച്ചു.
തിരക്കേറിയ സ്ഥലമായിരുന്നതിനാൽ ഇരുവർക്കും അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ഇരുവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. യുവതി ചികിത്സയിൽ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മദ്യവും എനർജി ഡ്രിങ്കുകളും മാത്രമാണ് കഴിച്ചതെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും യുവതി മൊഴി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പേർട്ട് ചെയ്തു.
നിർജലീകരണവും അമിത മദ്യപാനവും മരണത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അപകടമരണ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, തെളിവുകളുടെ അഭാവത്തിൽ മയക്കുമരുന്ന് ഉപയോഗ സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. പ്രദേശത്തെ സി.സി.ടി.വി കാമറകളും മറ്റും പൊലീസ് പരിശോധിച്ചുവരികയാണ്.
ഗോരെഗാവിലെ നെസ്കോ സെന്ററിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് അമിതമായി കഴിച്ച് രണ്ട് എം.ബി.എ വിദ്യാർഥികൾ ഏപ്രിലിൽ മരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് പ്രാദേശിക പൊലീസ് വോർളിയിലെ പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിക്ക് അനുമതി നൽകുകയായിരുന്നുവെന്നാണ് വിവരം.
വൈകിട്ട് ആറുമുതൽ രാത്രി 10 വരെയായിരുന്നു സംഗീത പരിപാടി. ടിക്കറ്റിന് 4000 രൂപയായിരുന്നു വില. സംഗീത വേദിയിൽ നാല് മദ്യശാലകൾ ഒരുക്കിയിരുന്നതായാണ് വിവരം. സംഭവത്തെ തുടർന്ന് മദ്യം വിളമ്പുന്നതിന് അനുവദിച്ച പെർമിറ്റിനെക്കുറിച്ചും ലൈസൻസിനെക്കുറിച്ചും പൊലീസ് പരിശോധന ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

