ഭിന്നജാതിക്കാരായ ബധിര ദമ്പതികൾക്കും കുരുന്നിനും കർണാടകയിൽ ഊരുവിലക്ക്
text_fieldsമംഗളൂരു: ഇതര ജാതിക്കാരനായ ഭർത്താവിൽ പിറന്ന കുഞ്ഞുമായി നാടുവിടാൻ ബധിര-മൂക യുവതിക്ക് കർണാടകയിൽ ഗ്രാമമുഖ്യരുടെ ശാസനം. ചിത്രദുർഗ ജില്ലയിലെ എൻ. ദേവനഹള്ളി ഗ്രാമത്തിലെ സവിത്രമ്മയാണ് (26) മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഊരുവിലക്ക് നേരിടുന്നത്.
ജോലിസ്ഥലത്ത് നിന്ന് തന്നെപ്പോലെ ശ്രവണ-സംസാര വൈകല്യമുള്ള ആന്ധ്രപ്രദേശ് സ്വദേശി മണികാന്തനെ (27) ഇഷ്ടപ്പെട്ട് 2021ൽ വിവാഹിതരാവുകയായിരുന്നു. റെഡ്ഡി വിഭാഗക്കാരനായ യുവാവും ഗ്രൻഡ ജോഗി വിഭാഗത്തിലെ യുവതിയും തമ്മിലുള്ള വിവാഹം ഗ്രാമമുഖ്യന്മാർ അംഗീകരിച്ചിരുന്നില്ല. സവിത്രമ്മയുടെ രക്ഷിതാക്കളിൽനിന്ന് 30,000 രൂപ പിഴയീടാക്കുകയും നവ ദമ്പതികളെ നാടുകടത്തുകയുമാണ് ചെയ്തത്.
പിന്നീട് ഇരുവരും ബംഗളൂരുവിലെ ജോലിസ്ഥലത്താണ് താമസിച്ചത്. എന്നാൽ ഗർഭിണിയായതോടെ യുവതി സ്വന്തം ഗ്രാമത്തിലെ വീട്ടിൽ എത്തി ഒളിച്ചു കഴിഞ്ഞു. പ്രസവം അറിഞ്ഞ പരിസരത്തെ സ്ത്രീകൾ വിവരം ഗ്രാമമുഖ്യരുടെ ചെവിയിലെത്തിച്ചു. തുടർന്നാണ് ഊരുവിലക്ക്. സംഭവം യുവതി താൻ പഠിച്ച ചള്ളക്കരയിലെ ബധിര വിദ്യാലയം അധികൃതരെ അറിയിച്ചതിനെത്തുടർന്ന് അമ്മയേയും കുഞ്ഞിനേയും വനിത പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
വ്യാഴാഴ്ച ഉച്ചയോടെ ഇവിടെയെത്തിയ തഹസിൽദാർ റാഹൻ പാഷ ദമ്പതികൾക്കൊപ്പം സർക്കാർ ഉണ്ടാവും എന്ന് അറിയിച്ചു. സംഭവം വനിത-ശിശുക്ഷേമ അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

