കുഞ്ഞ് മരിച്ചത് മറച്ചുവെച്ച് ദിവസങ്ങളോളം വെന്റിലേറ്ററിൽ സൂക്ഷിച്ചു; ആരോപണവുമായി മാതാപിതാക്കൾ
text_fieldsറാഞ്ചി: ആശുപത്രി അധികൃതർ കുഞ്ഞിന്റെ മരണം തങ്ങളിൽ നിന്ന് മറച്ചുവെച്ചെന്ന ആരോപണവുമായി മാതാപിതാക്കൾ. കഴിഞ്ഞ മാസം റാഞ്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മൃതദേഹം ദിവസങ്ങളോളം വെന്റിലേറ്ററിൽ സൂക്ഷിച്ചതായും കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു.
കേസിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാൻ മൂന്നംഗ സംഘം രൂപീകരിച്ചതായി റാഞ്ചി ഡെപ്യൂട്ടി കമീഷണർ മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു. 'കുട്ടി മരിച്ചതിനുശേഷം മൃതദേഹം വെന്റിലേറ്ററിൽ സൂക്ഷിച്ചിരുന്നതായും അഴുകാൻ തുടങ്ങിയതായും പറയപ്പെടുന്നു. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വളരെ ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരാണ്' -ഭജൻത്രി പറഞ്ഞു.
ജൂലൈ നാലിന് റാഞ്ചി സദർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ ഓക്സിജൻ കുറവിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂലൈ എട്ടിന് ലിറ്റിൽ ഹാർട്ട് ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 30ന് വൈദ്യോപദേശത്തിന് വിരുദ്ധമായി, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നതുവരെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന് ആശുപത്രിയിലെ ഒരു ഡോക്ടർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കുഞ്ഞിന്റെ മരണം ആശുപത്രി മറച്ചുവെച്ചുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. കുഞ്ഞിനെ കുടുംബത്തിന് കൈമാറിയ ദിവസം മുതലുള്ള ഫോട്ടോഗ്രാഫുകളും സമയബന്ധിതമായി മെഡിക്കൽ മോണിറ്റർ സ്ക്രീൻഷോട്ടുകളും അദ്ദേഹം ഹാജരാക്കി. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, കുഞ്ഞിനോടൊപ്പം 10 മിനിറ്റ് പോലും നിൽക്കാൻ കുടുംബത്തെ അനുവദിച്ചില്ലെന്ന് കുഞ്ഞിന്റെ പിതാവും ഓട്ടോറിക്ഷ ഡ്രൈവറുമായ മുകേഷ് സിങ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ചികിത്സക്കായി കുടുംബം ഏകദേശം മൂന്ന് ലക്ഷം രൂപ കടം വാങ്ങിയതായി അദ്ദേഹം പറഞ്ഞു. ജൂലൈ 12ന്, ആവർത്തിച്ച് നിർബന്ധിച്ചതിന് ശേഷം, കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കുന്ന ഒരു വിഡിയോ ആശുപത്രി അയച്ചുകൊടുത്തുവെന്നും രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം, അവർ അതേ വിഡിയോ വീണ്ടും അയച്ചുവെന്നും ഇത് സംശയം ജനിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
കുഞ്ഞിന്റെ അവസ്ഥ നേരിട്ട് പരിശോധിക്കാൻ ഒരു ഘട്ടത്തിലും തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും കാണാൻ ആവശ്യപ്പെടുമ്പോഴെല്ലാം ആശുപത്രി മുൻകൂട്ടി റെക്കോർഡുചെയ്‌ത വിഡിയോകൾ അയച്ചുകൊടുത്തതായി അദ്ദേഹം അവകാശപ്പെട്ടു. ജൂലൈ 30ന് ആശുപത്രി കുഞ്ഞിനെ കൈമാറിയെന്ന് മുകേഷ് പറഞ്ഞു. എന്നിരുന്നാലും, കുഞ്ഞ് മരിച്ചിട്ട് ദിവസങ്ങളായെന്നും ശരീരം വീർക്കുകയും ദുർഗന്ധം വമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
ആശുപത്രി ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും നിരസിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി. കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കുടുംബം വീട്ടിലേക്ക് കൊണ്ടുപോകാൻ നിർബന്ധിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

