മൃതദേഹത്തോടും മാന്യതയാവാം
text_fieldsപണവും അധ്വാനവും കൂടുതലാണെങ്കിലും വിദേശത്ത് മരിക്കുന്നവരെ വലിയ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാൻ കഴിയുന്നുണ്ട്. അേപ്പാഴാണ് ഇക്കഴിഞ്ഞ ജൂണിൽ കരിപ്പൂരിൽനിന്ന് ഉത്തരവിറങ്ങുന്നത്. 48 മണിക്കൂർ മുമ്പ് രേഖകൾ ഹാജരാക്കി അനുമതി വാങ്ങിയശേഷം മൃതദേഹം കൊണ്ടുവന്നാൽ മതിയെന്നായിരുന്നു ഉത്തരവ്. ഇൗ വാർത്ത ‘ഗൾഫ് മാധ്യമം’ പുറത്തുവിട്ടതിന് പിന്നാലെ വലിയ ജനരോഷമാണ് പ്രവാസലോകത്തുനിന്ന് ഉയർന്നത്. അവസാനം അധികാരികളും ജനപ്രതിനിധികളും ഇടപെട്ടു.
അടിയന്തരയോഗം കൂടി സമയപരിധി പ്രയാസം സൃഷ്ടിക്കില്ലെന്നും ഒരു മണിക്കൂർ മുമ്പ് അറിയിച്ചാലും മൃതദേഹം കൊണ്ടുവരാമെന്നും വാക്കാൽ നിർദേശം വന്നു. പക്ഷേ, അതുകൊണ്ടു കാര്യമില്ലെന്ന് ഉറപ്പായിരുന്നു. 2005ലെ അന്താരാഷ്ട്ര ആരോഗ്യചട്ടവും ഇന്ത്യൻ വിമാന പൊതു ആരോഗ്യചട്ടവും അനുസരിച്ചാണ് ഇൗ നിബന്ധനയെന്ന കരിപ്പൂർ ഹെൽത്ത് ഒാഫിസറുടെ വിശദീകരണത്തിൽ തന്നെ ആപത്ത് വ്യക്തം.
മാരകരോഗങ്ങൾ പടരുന്ന രാജ്യത്ത് നിന്നുള്ള കാര്‍ഗോ, ബാഗേജുകൾ, കെണ്ടയ്നറുകള്‍, വസ്തുക്കള്‍, മൃതദേഹങ്ങൾ, പാര്‍സലുകള്‍, തപാലുകൾ എന്നിവ കർശനമായി നിയന്ത്രിക്കണമെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷൻ ഉത്തരവിറക്കിയത്. ഇത് പ്രാബല്യത്തിലുള്ളിടത്തോളം ഏത് ഉദ്യോഗസ്ഥനും കാര്യങ്ങൾ തകിടംമറിക്കാം.
ഹൈകോടതി ഇടെപട്ടിട്ടും ദയയില്ല
വിവാദ ഉത്തരവുമായി ബന്ധപ്പെട്ട പ്രശ്നം ഹൈകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. മരിച്ചവർക്ക് മാന്യമായ സംസ്കാരത്തിനുള്ള ഭരണഘടന അവകാശം മുൻനിർത്തി ഇൗ സർക്കുലർ തടയേണ്ടതാണെന്ന് കോടതി പറഞ്ഞപ്പോൾ വിവാദചട്ടം ഭേദഗതി ചെയ്യുകയാണെന്നും 12 മണിക്കൂർ മുമ്പ് മൃതദേഹം കൊണ്ടുവരുന്ന അറിയിപ്പും രേഖകളും കിട്ടണമെന്നുമാണ് പുതിയ വ്യവസ്ഥയെന്നും കേന്ദ്രം വിശദീകരിച്ചു. എന്നാൽ, ഇൗ സമയപരിധിയും അപ്രായോഗികമാണ്. എംബാമിങ്ങിന് ശേഷം മൃതദേഹവും എംബാമിങ് സർട്ടിഫിക്കറ്റും ഒന്നിച്ചാണ് ലഭിക്കുക. ഇൗ സർട്ടിഫിക്കറ്റ് മൃതദേഹം എത്തേണ്ട വിമാനത്താവളത്തിൽ 12 മണിക്കൂർ മുമ്പ് ലഭിക്കണമെന്നാണ് പുതിയ ചട്ടം.
എംബാമിങ് സെൻററിൽനിന്ന് വിട്ടുകിട്ടുന്ന മൃതദേഹം എവിടെ സൂക്ഷിക്കുമെന്ന ചോദ്യമാണ് സാമൂഹികപ്രവർത്തകർ ഉന്നയിക്കുന്നത്. പല ദിവസങ്ങളിലും യു.എ.ഇയിൽ പത്തു മൃതദേഹങ്ങൾ വരെ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുണ്ടാകും. ഇവയെല്ലാം എവിടെ സൂക്ഷിക്കുമെന്നതാണ് സാമൂഹികപ്രവർത്തകരെ അലട്ടുന്നത്. നടപടി പൂർത്തിയാക്കുേമ്പാൾ ലഭ്യമാവുന്ന ആദ്യ വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ സൗകര്യം വേണമെന്ന ന്യായമായ ആവശ്യമാണ് അവർ ഉന്നയിക്കുന്നത്.
വിദേശത്തുനിന്ന് തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം പ്രവാസികൾക്ക് മുന്നിൽ തെളിഞ്ഞുവരുേമ്പാൾ മരിക്കുന്നവരോട് ദയ കാണിക്കണമെന്ന അവരുടെ ആവശ്യത്തോട് ഭരണകൂടത്തിന് അധികകാലം മുഖംതിരിച്ചു നിൽക്കാനാവില്ല.
ക്ഷേമഫണ്ടിൽ കോടികൾ
വിദേശങ്ങളിെല ഇന്ത്യക്കാരുടെ അടിയന്തര ക്ഷേമ സഹായ പ്രവർത്തനങ്ങൾക്കായി 2009ൽ കേന്ദ്ര സർക്കാർ തുടങ്ങിയതാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ട് (െഎ.സി.ഡബ്ല്യൂ.എഫ്). തുടക്കത്തിൽ 18 രാജ്യങ്ങളിലാണ് ഇൗ ഫണ്ട് ആരംഭിച്ചതെങ്കിൽ ഇന്ത്യക്കാരുടെ സാന്നിധ്യം ഏറെയുള്ള 43 രാജ്യങ്ങളിൽ ഇപ്പോൾ നിലവിലുണ്ട്. നൂറു കണക്കിന് കോടി രൂപയാണ് ആറ് ഗൾഫ്രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ നിയന്ത്രണത്തിലുള്ള ഇൗ ഫണ്ടിലുള്ളത്.
യു.എ.ഇയിൽ മാത്രം 24 കോടി രൂപയുണ്ട്. പ്രവാസികളിൽനിന്നുതന്നെ പിരിച്ച പണമാണിത്. എംബസികളിലും കോൺസുലേറ്റിലും പാസ്പോർട്ട്-വിസ പുതുക്കൽ, അറ്റസ്റ്റേഷൻ, മറ്റു കോൺസുലർ സേവനങ്ങൾ എന്നിവക്കായി എത്തുന്ന ഒാരേ പ്രവാസിയിൽനിന്നും 100 രൂപക്ക് തുല്യമായ തുക കൂടുതൽ വാങ്ങിയാണ് ഫണ്ടിലേക്ക് മാറ്റുന്നത്. ഇതിന് പുറമെ പ്രവാസി സമൂഹത്തിൽനിന്ന് സംഭാവനയും സ്വീകരിക്കുന്നു. പാവപ്പെട്ട പ്രവാസികളുടെ അടിയന്തര ചികിത്സക്കും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനും ആവശ്യമുള്ളവർക്ക് നിയമസഹായം നൽകുന്നതിനുമാണ് ഇൗ തുക പ്രധാനമായും വിനിേയാഗിക്കുന്നത്. ഇൗ ഫണ്ടിൽനിന്ന് അർഹതയുള്ള അപേക്ഷയിൽ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനുള്ള ചെലവ് ഇന്ത്യൻ അധികൃതർ വഹിക്കുന്നുണ്ട്. പക്ഷേ, വളരെ കുറച്ചുപേർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. കഴിഞ്ഞവർഷം 1300ലേറെ പേർ ദുബൈയിൽ മരിച്ചപ്പോൾ 54 പേർക്ക് മാത്രമാണ് ഇൗ സഹായം ലഭിച്ചത്.
ഇൗയിടെ ക്ഷേമനിധിയിൽനിന്ന് തുക അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കിയപ്പോഴും സഹായത്തിന് അർഹരായവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് തുക നൽകുമെന്ന് ആവർത്തിക്കുകയാണ് ചെയ്തത്. എല്ലാ മൃതദേഹങ്ങളും കൊണ്ടുപോകുന്നത് സൗജന്യമാക്കണമെന്ന ആവശ്യമാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ ഉന്നയിക്കുന്നത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
