ദാവൂദ് ഇബ്രാഹീമിന്‍െറ സ്വത്ത് കണ്ടുകെട്ടല്‍: കേന്ദ്രം സ്ഥിരീകരിച്ചില്ല; നിഷേധിക്കുന്നുമില്ല
text_fieldsന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹീമിന്‍െറ 15,000 കോടിയുടെ സ്വത്ത് യു.എ.ഇ അധികൃതര്‍ കണ്ടുകെട്ടിയെന്ന റിപ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചില്ല; നിഷേധിച്ചതുമില്ല. തീവ്രവാദ വേട്ടയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ മുമ്പത്തെക്കാള്‍ അടുത്ത സഹകരണമാണ് ഇപ്പോഴുള്ളതെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്‍െറ മറുപടി. ദാവൂദ് ഇബ്രാഹീമിന്‍െറ സ്വത്ത് കണ്ടുകെട്ടിയോ എന്ന ചോദ്യത്തിന് അതിന് മറുപടി പറയാനാകില്ളെന്നും മന്ത്രി പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായാണ് ദാവൂദ് ഇബ്രാഹീമിനെതിരായ യു.എ.ഇയുടെ നടപടിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. പാകിസ്താനില്‍ താമസിച്ച് യു.എ.ഇയിലും മറ്റുമായി വ്യാപിച്ചുകിടക്കുന്ന ദാവൂദ് ഇബ്രാഹീമിന്‍െറ വ്യവസായശൃംഖല സംബന്ധിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ യു.എ.ഇക്ക് കൈമാറിയെന്നും അതനുസരിച്ച് ആഡംബര വില്ലകള്‍ ഉള്‍പ്പെടെയുള്ള ദുബൈയിലെ സ്വത്ത് യു.എ.ഇ അധികൃതര്‍ കണ്ടുകെട്ടിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് സന്ദര്‍ശനവും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഫലസ്തീന്‍, ഇസ്രായേല്‍ സന്ദര്‍ശനവും അറബ് മേഖലയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തിയെന്ന് പ്രവാസി വകുപ്പിന്‍െറ ചുമതലയുള്ള വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അവകാശപ്പെട്ടു. ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിദേശ നിക്ഷേപത്തില്‍ 43 ശതമാനം വര്‍ധനയാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയുണ്ടായത്. പ്രവാസികളുടെ ക്ഷേമത്തിന് വലിയ പ്രാധാന്യം നല്‍കി. ലിബിയയിലും യമനിലും സൗദിയിലുമൊക്കെയുള്ള തൊഴില്‍പ്രശ്നങ്ങളിലും അടിയന്തര ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടെന്നും മന്ത്രി തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
