ജീൻസ് ധരിക്കാൻ എതിർത്തു, വിദേശപഠനം നിഷേധിച്ചു; അമൃത്സറിൽ അച്ഛനുനേരെ വെടിയുതിർത്ത് മകൾ
text_fieldsഅമൃത്‌സറിലെ ഖൽചിയാൻ ഗ്രാമത്തിൽ 21-കാരി അച്ഛനെ വെടിവെച്ചു . ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിങിനെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് മകൾ സ്നേഹ്ദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകളും തമ്മിൽ വ്യക്തിപരവും ആശയപരവുമായ കാര്യങ്ങളിൽ കടുത്ത ഭിന്നതകൾ നിലനിന്നിരുന്നതായി അമൃത്സർ റൂറൽ എസ്.എസ്.പി സുഹൈൽ ഖാസിം മീർ വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം ജീൻസും ടോപ്പും ധരിക്കുന്നതിനെ അച്ഛൻ ശക്തമായി എതിർത്തിരുന്നുവെന്നും മകളെ ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് അയക്കാൻ ഇയാൾക്ക് താല്പര്യമില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പാസായ സ്നേഹ്ദീപിന് ഓസ്ട്രേലിയയിൽ പോകാനായിരുന്നു ആഗ്രഹം. എന്നാൽ അച്ഛൻ ഇതിനെ എതിർത്തത് വീട്ടിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായി.
മെയ് 14-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തർക്കം രൂക്ഷമായതോടെ കടുത്ത ദേഷ്യത്തിലും മാനസികവിഷമത്തിലും സ്നേഹ്ദീപ് അച്ഛന്റെ ലൈസൻസുള്ള റിവോൾവർ എടുത്ത് വെടിയുതിർക്കുകയായിരുന്നു. പർമീന്ദർ സിങിന്‍റെ പുറകിലും തോളിലുമാണ് വെടിയേറ്റത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവസ്ഥലത്തുനിന്ന് വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടുകെട്ടി. പ്രതിയായ സ്നേഹ്ദീപ് കൗറിനെ ബാബ ബകാല എസ്.ഡി.എം കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

