‘ഇത് ലജ്ജാകരം, ശരിക്കും നിങ്ങൾ ഹീറോകളാണോ?’; ഇന്ത്യ-പാക് മത്സരത്തിനെതിരെ പഹൽഗാം ഭീകരാക്രമണ ഇരയുടെ മകൾ
text_fieldsഅസവരി ജഗ്ദലെ
പൂനെ: പാകിസ്താനെതിരെ ഏഷ്യ കപ്പ് ക്രിക്കറ്റിൽ കളിക്കാൻ ഇന്ത്യൻ ടീമിന് അനുമതി നൽകിയ മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദലെ മകൾ. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടത്താൻ ബി.സി.സി.ഐക്ക് യാതൊരു നാണക്കേടും ഇല്ലെന്ന് സന്തോഷ് ജഗ്ദലെ മകൾ അസവരി ജഗ്ദലെ പറഞ്ഞു.
'ഇന്നത്തെ മത്സരം നടത്തേണ്ടിതില്ലെന്ന് ഞാൻ കരുതുന്നു. ഇനിയും കുറച്ച് സമയമുണ്ട്. പക്ഷേ ബി.സി.സി.ഐക്ക് അങ്ങനെ തോന്നുമെന്ന് കരുതുന്നില്ല. ഇത് വളരെ ലജ്ജാകരമാണ്. പഹൽഗാം സംഭവം നടന്ന് ആറു മാസം പോലും ആയിട്ടില്ല. അതിനുശേഷം ഓപറേഷൻ സിന്ദൂർ നടന്നു. ഇതൊക്കെയാണെങ്കിലും, മത്സരം സംഘടിപ്പിക്കുന്നതിൽ അവർക്ക് ഒരു നാണക്കേടുമില്ലാത്തതിൽ എനിക്ക് വിഷമമുണ്ട്'.
'ആളുകൾ മരിച്ചാലും ഇത്തരക്കാർക്ക് ഒരു പ്രശ്നവുമില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് ലഭിക്കുന്ന പണമാണ് നിങ്ങളുടെ ദേശസ്‌നേഹം നിർണയിക്കുന്നതെന്ന് ഇന്നലെ ഞാൻ വായിച്ചു. അത് ശരിയാണോ?. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആളുകളോട് നിങ്ങൾക്ക് വികാരങ്ങളില്ലേ?.
ചില ക്രിക്കറ്റ് താരങ്ങൾ മത്സരം വേണ്ടെന്ന് പറഞ്ഞു. പക്ഷേ താൽപര്യമുള്ളവരോടും തയാറുള്ളവരോടും ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാൽ ഹീറോകളായി കണക്കാക്കുന്നു. നിങ്ങൾ ശരിക്കും ഹീറോകളാണെന്ന് കരുതുന്നുണ്ടോ?. കൈകളിൽ രക്തം പുരണ്ട രാജ്യത്തെ ജനങ്ങൾക്കെതിരെയാണ് നിങ്ങൾ കളിക്കുന്നത്. ഇത് ചിന്തിക്കൂ.' -അസവരി ജഗ്ദലെ വ്യക്തമാക്കി.
ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ 26 പേർ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഒരു വേദിയിലും പാകിസ്താനെതിരെ കളിക്കരുതെന്ന അഭിപ്രായം പ്രമുഖരായ മുൻ താരങ്ങൾ അടക്കമുള്ളവർ ഉയർത്തി.
എങ്കിലും കേന്ദ്ര സർക്കാറിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യ ഒരിക്കൽ കൂടി പാക് ടീമിനെ നേരിടുന്നത്. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പഹൽഗാം ആക്രമണത്തിനും ഓപറേഷൻ സിന്ധൂറിനും ശേഷം നടക്കുന്ന ആദ്യ കളിയിൽ ഇരു ടീമിനും അഭിമാന പോരാട്ടമാണ്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ എന്നീ ഭീകര സംഘടനകളും ഇവയുടെ അനുബന്ധ സംഘടനകളുടെയും കേന്ദ്രങ്ങളാണ് സേന തകർത്തത്. അതിർത്തി മേഖല കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം നടത്തുന്ന സംഘടനകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത സേനകളുടെ തിരിച്ചടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

