
'കമിതാക്കൾക്ക് ഡേറ്റിങ്ങിന് കോഫിഷോപ്പുകൾ'; പ്രകടന പത്രികയിൽ കോൺഗ്രസ്, വിവാദമുയർത്തി ബി.ജെ.പി
text_fieldsവഡോദര: ഗുജറാത്തിലെ വഡോദര തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടന പത്രികക്കെതിരെ ബി.ജെ.പി. യുവാക്കൾക്ക് വേണ്ടിയുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണമാണ് ബി.ജെ.പിയുടെ പ്രചരണ ആയുധം.
കമിതാക്കൾക്ക് സല്ലപിക്കാൻ കോഫി ഷോപ്പുകൾ എന്നതാണ് കോൺഗ്രസ് വാഗ്ദാനം. ഭയമില്ലാെത യുവജനങ്ങൾക്ക് സംസാരിക്കാൻ ഇടമൊരുക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം.
എന്നാൽ ഇത്തരം കോഫി ഷോപ്പുകൾ ഇന്ത്യൻ മൂല്യങ്ങളെ തകർക്കുമെന്നും ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നും ബി.ജെ.പി ആരോപിച്ചു.
'കോൺഗ്രസ് ഇന്ത്യൻ സംസ്കാരത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഡേറ്റിങ് ഒരു പാശ്ചാത്യ സംസ്കാരമാണ്. പാശ്ചാത്യ സമൂഹത്തിന് ഡേറ്റിങ് ആവശ്യമാണ്. കാരണം അവരിൽ കൂടുതൽപേരും കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിൽ പ്രത്യേകിച്ച് ഗുജറാത്തിൽ എല്ലാവരും കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. കുടുംബവുമായി അവർ സമയം ചെലവഴിക്കുന്നു. അതിനാൽ ഇത്തരം ഡേറ്റിങ് ഇവിടെ ആവശ്യമില്ല' -വഡോദര ബി.ജെ.പി പ്രസിഡൻറ് വിജയ് ഷാ പറഞ്ഞു.
കോൺഗ്രസ് പ്രകടന പത്രിക യുവജനങ്ങളെ വഴിതെറ്റിക്കും. ഡേറ്റിങ്ങിന് പിന്നാലെ മദ്യവും മയക്കുമരുന്നിനെയും പ്രോത്സാഹിപ്പിക്കും. ഹിന്ദു പെൺകുട്ടികളെ വഴിതെറ്റിക്കാൻ നടക്കുന്ന ഒരു സമൂഹമുണ്ട്. ഇത്തരം ഡേറ്റിങ്ങുകൾ പിന്നീട് ലവ് ജിഹാദായി മാറും. അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ ലവ് ജിഹാദ് നിയമം കൊണ്ടുവരുമെന്നും ഷാ പറഞ്ഞു.
എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾ കോൺഗ്രസ് തള്ളി. സമൂഹം വളർന്നുകൊണ്ടിരിക്കുകയാണെന്നും മാറ്റം ആവശ്യമാണെന്നും കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് ശ്രീവാസ്തവ പറഞ്ഞു.
ഗുജറാത്തിലെഘ ആറുനഗരങ്ങളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 21നാണ് വോട്ടെടുപ്പ്. അഹ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര, ജാംനഗർ, ഭാവ്നഗർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
