Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡാനിഷ്​ സിദ്ധീഖിയുടെ...

ഡാനിഷ്​ സിദ്ധീഖിയുടെ മൃതദേഹത്തെയും താലിബാൻ വെറുതേവിട്ടില്ല; തലയിലും നെഞ്ചിലും വാഹനം കയറ്റിയിറക്കിയെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
ഡാനിഷ്​ സിദ്ധീഖിയുടെ മൃതദേഹത്തെയും താലിബാൻ വെറുതേവിട്ടില്ല; തലയിലും നെഞ്ചിലും വാഹനം കയറ്റിയിറക്കിയെന്ന്​ റിപ്പോർട്ട്​
cancel

ന്യൂഡൽഹി: പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ ഇന്ത്യൻ ഫോ​ട്ടോ ജേർണലിസ്റ്റ്​ ഡാനിഷ് സിദ്ധീഖിയെ അതിക്രൂരമായ വധിച്ച ശേഷം താലിബാൻ ഭീകരർ മൃതദേഹത്തോട്​ അനാദരവ്​ കാട്ടിയെന്നും റിപ്പോർട്ട്​. അഫഗാനിസ്​താനിൽ കൊല്ലപ്പെട്ട സിദ്ധീഖിയുടെ മെഡിക്കൽ റിപ്പോർട്ടും എക്സ്റേയും ഇതിനുതെളിവായി പുറത്തുവന്നു. ക്രൂരമായി കൊന്ന ശേഷവും സിദ്ധീഖിയുടെ മൃതദേഹത്തെ വെറുതെ വിട്ടില്ലെന്നും ഭാരമേറിയ വാഹനം ശരീരത്തിലൂടെ കയറ്റിയിറക്കി വികൃതമാക്കിയെന്നും ദേശീയ മാധ്യമമായ ന്യൂസ് 18 പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ചും സിദ്ധീഖിയുടെ എക്​സ്​റേയും മെഡിക്കൽ റിപ്പോർട്ടിന്‍റെ ഭാഗങ്ങളും പ്രസിദ്ധീകരിച്ചുമാണ്​ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്​. 12 വെടിയുണ്ടകൾ സിദ്ധീഖിയുടെ ശരീരത്തിൽ നിന്ന്​ കണ്ടെത്തിയതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ വെടിയുണ്ട തുളഞ്ഞു കയറിയിറങ്ങിയതിന്‍റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്​.

ഡാനിഷ്​ സിദ്ധീഖിയുടെ എക്​സ്​റേ

'ഡാനിഷ് സിദ്ധീഖിയെ വധിച്ചശേഷം താലിബാൻ ഭീകരർ അദ്ദേഹത്തിന്‍റെ മൃതദേഹത്തെ വലിച്ചിഴച്ചതിന്‍റെ പാടുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. തലയിലും നെഞ്ചിലും ഭാരമുള്ള വാഹനം നിരവധി തവണ കയറ്റിയിറക്കി വികൃതമാക്കുകയും ചെയ്​തു. നെഞ്ചിലും മുഖത്തും വലിയ വാഹനത്തിന്‍റെ ടയറിന്‍റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്​. ഹംവി അല്ലെങ്കിൽ എസ്.യു.വി ടൈപ്പ് വാഹനങ്ങൾ കയറ്റിയിറക്കിയതായാണ്​ സംശയം'- അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ദരിച്ച്​ ന്യൂസ്​ 18 റിപ്പോർട്ട്​ ചെയ്യുന്നു.

ജൂലൈ 16ന് അഫ്ഗാൻ സേനയും താലിബാൻ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് റോയി​​േട്ടഴ്​സിന്‍റെ സീനിയർ ​ഫോ​ട്ടോഗ്രാഫറായ സിദ്ധീഖി കൊല്ലപ്പെടുന്നത്. അഫ്​ഗാൻ രഹസ്യാന്വേഷണ ഏജൻസി ഇന്ത്യക്കു കൈമാറിയ റിപ്പോർട്ട്​ പ്രകാരം അന്നുനടന്ന സംഭവങ്ങൾ ഇങ്ങനെയാണ്​- കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് പ്രവിശ്യയിൽ വെച്ചാണ്​ ഡാനിഷ് സിദ്ധീഖി ആക്രമിക്കപ്പെടുന്നത്​. സിദ്ധീഖിയും അഫ്ഗാൻ സൈന്യവും സഞ്ചരിച്ച വാഹനത്തിന് നേരെ താലിബാൻ വെടിയുതിർക്കുകയായിരുന്നു. ഇതേതുടർന്ന്​ അഫ്​ഗാൻ സേന രണ്ടായി പിരിയുകയും ഒരു സംഘം മറ്റൊരു ലൊക്കേഷനിലേക്ക്​ പോകുകയും രണ്ടാം സംഘം ആക്രമണത്തിൽ പരിക്കേറ്റ ഡാനിഷ് സിദ്ധീഖിക്ക് സുരക്ഷാ കവചം തീർത്ത്​ പ്രദേശത്തുള്ള പള്ളിയിൽ പ്രവേശിക്കുകയും ചെയ്​തു. സൈനികർ സിദ്ധീഖിക്ക്​ പ്രാഥമിക ചികിത്സ നൽകുന്നതിനിടെ​ താലിബാൻ പള്ളി വളഞ്ഞു.

അവരുടെ ആക്രമണത്തിൽ അഫ്​ഗാൻ സൈനികർ കൊല്ല​പ്പെടുകയും സിദ്ധീഖിയെ താലിബാൻ പിടികൂടുകയുമായിരുന്നു. താൻ ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തകനാണെന്ന്​​ സിദ്ധീഖി പറയുകയും താലിബാൻ അദ്ദേഹത്തിന്‍റെ തിരിച്ചറിയൽ കാർഡിന്‍റെ ചിത്രം ഹെഡ്​ക്വാർ​േട്ടഴ്​സിലേക്ക്​ അയച്ചുകൊടുക്കുകയും ചെയ്​തു. സിദ്ധീഖിയുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ നിരീക്ഷിച്ച ശേഷം അഫ്​ഗാൻ സേനക്കുവേണ്ടിയും താലിബാന്​ എതിരെയുമാണ്​ അദ്ദേഹത്തിന്‍റെ റി​പ്പോർട്ടുകൾ എന്ന നിഗമനത്തിലെത്തിയ താലിബാൻ നേതൃത്വം വധിക്കാൻ നിർദേശം നൽകുകയുമായിരുന്നു. നിർദേശം ലഭിച്ചതോടെ താലിബാൻ സിദ്ധീഖിയുടെ ബുള്ളറ്റ്​ പ്രൂഫ്​ ജാക്കറ്റ്​ അഴിച്ചുമാറ്റുകയും വെടിവെച്ച്​ കൊല്ലുകയും ചെയ്​തു. സിദ്ധീഖിയുടെ മരണം അന്താരാഷ്​ട്ര തലത്തിൽ ചർച്ച ആയതിനെ തുടർന്നുള്ള ക്ഷോഭം മൂലമോ മൃതദേഹം തിരിച്ചറിപ്പെടാതിരിക്കാനോ ആകാം മൃതശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതെന്നും അഫ്​ഗാൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഡാനിഷ് സിദ്ധീഖിയെ അതിക്രൂരമായി താലിബാന്‍ കൊലപ്പെടുത്തിയതാണെന്ന് നേരേത്തേ അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്സസിന്‍റെ വക്താവ് അജ്മല്‍ ഒമര്‍ ഷിന്‍വാരി സ്ഥിരീകരിച്ചിരുന്നു. അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് സിദ്ധീഖിക്ക് വെടിയേറ്റതെന്ന വാദം ഒമര്‍ ഷിന്‍വാരി തള്ളിയിരുന്നു. പിടികൂടി തടവിലാക്കിയ ​ശേഷമാണ്​ താലിബാന്‍ അദ്ദേഹത്തെ കൊന്നതെന്നാണ്​ ഷിൻവാരി വ്യക്​തമാക്കിയത്​.

അന്വേഷണം പുരോഗമിക്കുകയാണെന്നും സിദ്ധീഖിയെ കൊലപ്പെടുത്തിയ സ്ഥലം നിലവില്‍ താലിബാന്‍ അധീനതയിലായതിനാൽ ദൃക്‌സാക്ഷികളെ കണ്ടുപിടിക്കാന്‍ സമയമെടുക്കു​മെന്നുമാണ്​ ഷിൻവാരി പറഞ്ഞത്​. ഡാനിഷ് സിദ്ധീഖിയെ താലിബാന്‍ തിരഞ്ഞുപിടിച്ചു കൊല്ലുകയായിരുന്നെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ എക്സാമിനറും പുറത്തു വിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanDanish Siddiqui
News Summary - Danish Siddiqui’s body was mutilated by the Taliban
Next Story