ദലിതർക്ക് പ്രവേശനം നിഷേധിച്ചു; ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് പൊലീസ്
text_fieldsചെന്നൈ: ദലിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് പ്രവേശിപ്പിച്ച് പ്രാർഥനക്ക് അവസരമൊരുക്കി കള്ളക്കുറിച്ചി ജില്ല പൊലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസ്. കള്ളക്കുറിച്ചി കൂറാൾ ഗ്രാമത്തിലെ ശ്രീ കലിയുഗ ശ്രീനിവാസ പെരുമാൾ ക്ഷേത്രത്തിലാണ് സംഭവം.
തമിഴ് മാസമായ പുരട്ടാസിയിലെ മൂന്നാം ശനിയാഴ്ച ദർശനത്തിനായെത്തിയ ദലിത് വിഭാഗക്കാരെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ സവർണ വിഭാഗം തടയുകയായിരുന്നു. വഴിപാടുകളുമായി എത്തിയ ഇവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വാക്കുതർക്കമുണ്ടായി.
പിന്നാലെ ക്ഷേത്രകവാടം പൂട്ടിയതോടെ ദലിത് വിഭാഗക്കാർ ക്ഷേത്രത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നിട്ടുള്ളതാണെന്നും ആരെയും പ്രവേശിക്കുന്നതിൽനിന്ന് തടയാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.
ചർച്ചകൾ പരാജയപ്പെട്ടതോടെ എസ്.പിയുടെ സാന്നിധ്യത്തിൽ പൊലീസ് ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് ദലിത് വിഭാഗക്കാർക്ക് അകത്ത് പ്രവേശിച്ച് ആരാധന നടത്താൻ സൗകര്യമൊരുക്കി. പൊലീസും മറുവിഭാഗവും തമ്മിൽ വാക്കേറ്റവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

