സഹാറൻപൂരിൽ ദലിത് റാലിക്ക് അനുമതി നിഷേധിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ വ്യത്യസ്ത ജാതി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ദലിതുകൾ നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഗാന്ധി പാർക്കിൽ ‘മഹാപഞ്ചായത്ത്’ എന്ന പേരിൽ ദലിത് സംഘടന നടത്താനിരുന്ന റാലിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്.
രണ്ടാഴ്ചയായി പ്രദേശത്ത് നിലനിൽക്കുന്ന ജാതീയ സംഘർഷത്തിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും സ്വകാര്യ–പൊതുമുതലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ദലിത് വിഭാഗങ്ങൾ നീതി ലഭ്യമാക്കുക, സംഘർഷത്തിൽ പരിക്കേറ്റവർക്കും സ്വത്ത്നഷ്ടമുണ്ടായവർക്കും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ദലിത് സംഘടനകൾ റാലി നടത്താനൊരുങ്ങിയത്. എന്നാൽ പ്രദേശത്തെ കലാപ സാധ്യതകൾ ചൂണ്ടിക്കാട്ടി പൊലീസ് സൂപ്രണ്ട് അനുമതി നിഷേധിക്കുകയായിരുന്നു.
ജില്ലാ ഭരണകൂടത്തിൽ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി ഇല്ലാതെ മഹാപഞ്ചായത്ത് റാലി നടത്തിയാൽ പൊലീസ് ഇടപെടൽ ഉണ്ടാകുമെന്നും സൂപ്രണ്ട് സുഭാഷ് ചന്ദ് ദുബെ അറിയിച്ചു. സഹാറൻപൂരിലെ പ്രധാന തെരുവുകളിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.