ദലിത് യുവാവിനെ കൊലപ്പെടുത്തി മുത്തശ്ശിക്ക് സമർപ്പിച്ചു; അച്ഛനും സഹോദരന്മാരും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട കൃഷ്ണ
സൂര്യപേട്ട് (തെലങ്കാന): തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ ദുരഭിമാന കൊലയിൽ ആറുപേർ അറസ്റ്റിൽ. ദലിത് യുവാവിനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ മുത്തശ്ശിക്ക് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വഡ്‌കൊണ്ട കൃഷ്ണയെയാണ് (32) ഭാര്യ ഭാർഗവിയുടെ സഹോദരന്മാരും പിതാവും ചേർന്ന് കൊലപ്പെടുത്തിയത്. ഭാർഗവിയുടെ മുത്തശ്ശി ബുക്കമ്മ, പിതാവ് കോട്‌ല സെയ്‌ദുലു, സഹോദരങ്ങളായ നവീൻ, വംശി എന്നിവരെ അറസ്‌റ്റ് ചെയ്‌തതായി സൂര്യാപേട്ട പോലീസ് പറഞ്ഞു.
മാസങ്ങൾക്കു മുമ്പ് ഭാർഗവി കൃഷ്ണയുമായി പ്രണയത്തിലാവുകയും വീട്ടുകാർ അറിയാതെ 2024 ആഗസ്റ്റ് ഏഴിന് വിവാഹിതരാവുകയും ചെയ്തിരുന്നു. ഇത് യുവതിയുടെ വീട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാർഗവിയുടെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്ന് കൃഷ്ണയുടെ പിതാവ് ഡേവിഡ് പൊലീസിൽ പരാതി നൽകിയിരുന്നു. കൃഷ്ണ പട്ടികജാതി മല സമുദായത്തിൽ പെട്ടയാളും ഭാർഗവി പിന്നാക്ക വിഭാഗമായ ഗൗഡ് സമുദായത്തിൽ നിന്നുമാണ്. നവീനും വംശിയും ചേർന്ന് കൃഷ്ണയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബുക്കമ്മയെ കാണിക്കാൻ കൊണ്ടുപോവുകയും ശേഷം മൂസി കനാലിന് സമീപം തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേസിൽ ഇവരുടെ സുഹൃത്തുക്കളായ ബൈരു മഹേഷ്, നുവ്വുല സായ് ചരൺ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് തെലങ്കാന പൊലീസ് സൂപ്രണ്ട് സൺപ്രീത് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

