തമിഴ്നാട്ടിൽ ദലിത് വനിത പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവിന് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ
text_fieldsമൂർത്തി
ചെന്നൈ: റാണിപേട്ട ജില്ലയിലെ അറകോണത്ത് ദലിത് വനിത പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവിനെ വണ്ണിയർ സമുദായത്തിൽപ്പെട്ട സായുധ സംഘം ക്രൂരമായി ആക്രമിച്ചു. അറകോണം വേടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതകൾക്കായാണ് സംവരണം ചെയ്തിരുന്നത്. ഈ നിലയിൽ ആദിദ്രാവിഡ വിഭാഗത്തിൽപ്പെട്ട 42കാരിയായ ഗീതയാണ് പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇവരുടെ ഭർത്താവ് മൂർത്തിയാണ്(47) ആക്രമണത്തിനിരയായത്. ഇദ്ദേഹത്തെ ചെന്നൈയിലെ രാജീവ്ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് രാജഗോപാൽ, ശങ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂർത്തി ഈയിടെയാണ് കോൺഗ്രസിൽ ചേർന്നത്. വണ്ണിയർ ജാതിയിൽപ്പെട്ടവർക്ക് നിർണായക സ്വാധീനമുള്ള ഗ്രാമത്തിൽ ദലിത് വനിത പഞ്ചായത്ത് പ്രസിഡന്‍റായത് സമുദായംഗങ്ങളിൽ കടുത്ത അസംതൃപ്തി പടർത്തിയിരുന്നു.
അഞ്ച് മാസത്തിനിടെ രണ്ട് തവണയാണ് ഗീതക്കും ഭർത്താവിനും നേരെ ആക്രമണം ഉണ്ടായത്. വണ്ണിയർ വിഭാഗത്തിന് പാട്ടാളി മക്കൾ കക്ഷിയുടെ പിന്തുണയാണുള്ളത്. രാഷ്ട്രീയകക്ഷി ഭേദമെന്യേ പഞ്ചായത്തിലെ മറ്റു വാർഡ് അംഗങ്ങളും ദലിത് വനിത പഞ്ചായത്ത് പ്രസിഡന്‍റുമായി സഹകരിക്കാറില്ല. പൊതുപ്രവർത്തനങ്ങളിൽ ഗീതയോടൊപ്പം മൂർത്തിയും സജീവമാണ്. ആറു ദശാബ്ദകാലത്തിനിടെ ഇതാദ്യമായാണ് ഗ്രാമപഞ്ചായത്ത് ഭരണ നിർവഹണം ദലിത് പ്രസിഡന്‍റിന്‍റെ നിയന്ത്രണത്തിലായത്. പൊലീസിൽ പരാതികൾ നൽകിയാലും നടപടി ഉണ്ടാവാറില്ലെന്ന് മൂർത്തി- ഗീത ദമ്പതികളുടെ മകൻ ശരവണൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

