ദലിത് വനിത പാചകക്കാരിയായി; രക്ഷിതാക്കൾ കൂട്ടത്തോടെ കുട്ടികളെ പിൻവലിച്ചു
text_fieldsബംഗളൂരു: പരിഷ്കൃത സമൂഹത്തിന് കടുത്ത വെല്ലുവിളിയുയർത്തി ചാമരാജനഗർ ജില്ലയിലെ സർക്കാർ വിദ്യാലയം അയിത്താചരണത്തെത്തുടർന്ന് അടച്ചുപൂട്ടൽ ഭീഷണിയിൽ. ദലിത് വിഭാഗത്തിൽനിന്നുള്ള സ്ത്രീയെ പ്രധാന പാചകക്കാരിയായി നിയമിച്ചതിനെതുടർന്ന് ഹോമ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ കൂട്ടത്തോടെ വിദ്യാർഥികളെ പിൻവലിച്ചു.
ഒരു കുട്ടി മാത്രമാണ് ഈ വിദ്യാലയത്തിൽ ശേഷിക്കുന്നത്. സ്കൂളിൽ ചേർന്ന 22 വിദ്യാർഥികളിൽ 21 പേരുടെയും രക്ഷിതാക്കൾ അവരുടെ കുട്ടികളെ പിൻവലിച്ചു. ദലിത് പാചകക്കാരിയെ നിയമിച്ചതോടെ ഏഴ് പേർ മാത്രമാണ് സ്കൂളിൽ തയാറാക്കുന്ന ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ശേഷിച്ച രക്ഷിതാക്കളുടെ പ്രേരണയിൽ ഇവരും ആഹാരം ബഹിഷ്കരിച്ച് കുട്ടികളുടെ വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) വാങ്ങുന്നവർക്കൊപ്പം ചേർന്നു. ടി.സി വാങ്ങിയ പല രക്ഷിതാക്കളും കുട്ടികളെ മറ്റ് സ്കൂളുകളിൽ ചേർത്തിട്ടുണ്ട്.
2024-25 അധ്യയനവർഷത്തിൽ സ്കൂളിൽ തുടക്കത്തിൽ 22 വിദ്യാർഥികളുണ്ടായിരുന്നു. ഇതിൽ 12 പേർ ഇതിനകം ടി.സി വാങ്ങി. ശേഷിക്കുന്ന വിദ്യാർഥികൾക്കായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. നിലവിൽ സ്കൂളിൽ ഒരു വിദ്യാർഥിയും രണ്ട് അധ്യാപകരും മാത്രമാണുള്ളത്. ജില്ല അധികൃതർ സ്കൂളിലെത്തി അധ്യാപകരുമായും രക്ഷിതാക്കളുമായും നിരവധി കൂടിക്കാഴ്ചകൾ നടത്തി.
വിദ്യാഭ്യാസ വകുപ്പിലെയും സാമൂഹികക്ഷേമ വകുപ്പിലെയും ഉദ്യോഗസ്ഥരും ഹോമ ഗ്രാമത്തിലെ സ്കൂൾ സന്ദർശിച്ചു. ചാമരാജനഗർ ജില്ല പൊലീസ് സൂപ്രണ്ട് ബി.ടി. കവിത, ജില്ല പഞ്ചായത്ത് സി.ഇ.ഒ മോന റോട്ട്, ഡി.ഡി.പി.ഐ രാമചന്ദ്ര രാജെ അർസ് എന്നിവർ സാമൂഹിക പരിഷ്കരണത്തെക്കുറിച്ച് മാതാപിതാക്കളോടും അധ്യാപകരോടും നേരിട്ട് സംസാരിച്ചു.
എന്നാൽ, അയിത്താചരണ കേസ് ഭയന്ന് സ്കൂളിലെ അധ്യാപന നിലവാരം മോശമായതിനാലാണ് കുട്ടികളെ സ്കൂളിൽനിന്ന് പിൻവലിച്ചതെന്നാണ് മാതാപിതാക്കൾ സി.ഇ.ഒ റോട്ടിനോട് പറഞ്ഞത്. ബോധവത്കരണ ഫലമായി എട്ട് കുട്ടികളുടെ രക്ഷിതാക്കൾ മക്കളെ വീണ്ടും സ്കൂളിൽ ചേർക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
യഥാർഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് എസ്.പി കവിത പറഞ്ഞു. തൊട്ടുകൂടായ്മ ആചരിക്കപ്പെട്ടതായി കണ്ടെത്തി പരാതി നൽകിയാൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

