പെൺകുട്ടിയുമായി സൗഹൃദം; 18കാരനായ ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉയർന്ന ജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ 18കാരനായ ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ പ്രതാപ്നഗർ ബ്ലോക്കിലെ ഖോൽഗഡ് ഗ്രാമത്തിലാണ് സംഭവം. ദേവാൽ ഗ്രാമവാസിയായ കേതൻ ലാൽ ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ദിവാകർ ദിമ്രി ബൗരാരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേതന്റെ പിതാവ് ധനപാൽ ലാൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഖോൽഗഡിൽ നിന്നുള്ള ഒരു പെൺകുട്ടിയുമായി കേതൻ ആറു മാസത്തിലധികമായി സൗഹൃദത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെൺകുട്ടി കേതന്റെ മൊബൈൽ ഫോണിൽ വിളിച്ച് തന്റെ ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് കേതൻ ലാൽ, ദിവാകർ ദിമ്രിക്കൊപ്പം ഖോൽഗഡ് ഗ്രാമത്തിൽ എത്തി. കേതനും സുഹൃത്തും വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ ഇവരെ ഒരു മുറിയിൽ പൂട്ടിയിട്ട് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ പിതാവ് ധൻപാൽ ലാലിനെ വിളിച്ച് വിവരം അറിയിക്കുകയും മകനെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ചുകിടന്ന മകനെ ധനപാൽ ചൗന്ദ് ലാംഗാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഷാകുലരായ നാട്ടുകാരും കുടുംബവും ആദ്യം മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റെടുക്കാൻ വിസമ്മതിക്കുകയും അക്രമികൾക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.
കൊലപാതക കുറ്റവും എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്തതായി തെഹ്‌രി ഗർവാൾ സീനിയർ പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറഞ്ഞു. പ്രതികളിലൊരാളായ യശ്വീർ സിങ് പൻവാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

