'ദലിതനായ നീ എന്റെ കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നോ?'; വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ കുടിവെള്ളം എടുത്തതുമായി ബന്ധപ്പെട്ട് സർക്കാർ സ്കൂൾ അധ്യാപകൻ ദലിത് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ക്ലാസ് മുറിയിൽ വെച്ച് അധ്യാപകന്റെ കുപ്പിയിൽ നിന്നും വെള്ളം കുടിച്ചുവെന്നാരോപിച്ചാണ് വിദ്യാർഥിക്ക് ജാതിഅധിക്ഷേപവും കയ്യേറ്റവും ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
വിദ്യാർഥിയുടെ മൊഴിപ്രകാരം, ലോലേഷ് ശർമ്മയെന്ന അധ്യാപകനാണ് ഈ ക്രൂരകൃത്യം ചെയ്തത്. ക്ലാസ് മുറിയിലുണ്ടായിരുന്ന വിദ്യാർഥി ദാഹിച്ചപ്പോൾ അധ്യാപകന്റെ വാട്ടർ ബോട്ടിൽ എടുത്ത് വെള്ളം കുടിക്കുകയായിരുന്നു. ഇത് കണ്ട അധ്യാപകൻ പ്രകോപിതനാകുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. "നീ ഒരു ചമാർ ആണ്, എന്റെ ബോട്ടിൽ തൊടാൻ നിനക്ക് എന്ത് ധൈര്യം" എന്ന് ആക്രോശിച്ചുകൊണ്ട് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മധ്യപ്രദേശിലെ ഏറ്റവും വലിയ പട്ടികജാതി വിഭാഗങ്ങളിൽ ഒന്നാണ് ചമാർ സമൂഹം. എന്നാൽ ഇന്നും ഇവർക്കെതിരെ സാമൂഹികമായ വിവേചനങ്ങളും അതിക്രമങ്ങളും തുടരുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ സംഭവം. ക്ലാസ് മുറിയിൽ വെച്ച് ഒരു കുട്ടിയെ തൊട്ടുകൂടായ്മയുടെ പേരിൽ ഉപദ്രവിച്ച വിവരം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നും സാമൂഹിക പ്രവർത്തകരിൽ നിന്നും ഉണ്ടാകുന്നത്. വിദ്യാർഥി മാധ്യമങ്ങളോടും മറ്റും തന്റെ ദുരനുഭവം വിവരിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സംഭവത്തിന് ദൃക്സാക്ഷികളായ മറ്റ് മൂന്ന് സഹപാഠികളും വിദ്യാർഥിയുടെ മൊഴി ശരിവെച്ചിട്ടുണ്ട്. അധ്യാപകൻ കുട്ടിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് ക്രൂരമായി തല്ലിയെന്നും സഹപാഠികൾ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. സ്കൂളിലെ മറ്റ് അധ്യാപകരുടെയും വിദ്യാർഥികളുടെയും ഇടയിൽ സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.
സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ അപലപനമാണ് വരുന്നത്. പ്രമുഖ ആന്റി-കാസ്റ്റ് ആക്ടിവിസ്റ്റ് സൗരഭ് കുമാർ ബൗദ്ധ് സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചു. നമ്മുടെ കുട്ടികൾക്ക് ബാല്യകാലം മുതലേ നേരിടേണ്ടിവരുന്ന ക്രൂരമായ ജാതിവിവേചനത്തിന്റെ യഥാർത്ഥ മുഖമാണ് ലോകം കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജാതിവാദിയായ ലോലേഷ് ശർമ്മയ്ക്ക് മാപ്പില്ലെന്നും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന സംവരണ വിരുദ്ധ ക്യാമ്പെയ്നിന്റെ വക്താക്കൾ ഈ യാഥാർഥ്യം കാണണമെന്നും അദ്ദേഹം തുറന്നടിച്ചു.
ഒരു ക്ലാസ് മുറിക്കുള്ളിൽ വെച്ച് കൊച്ചുകുട്ടി തൊട്ടുകൂടായ്മയ്ക്ക് ഇരയാകുന്നുവെന്നത് ജാതിവ്യവസ്ഥ ചരിത്രമല്ലെന്നും അത് ഇന്നും നിലനിൽക്കുന്ന കയ്പേറിയ യാഥാർത്ഥ്യമാണെന്നും പ്രമുഖ ദളിത് അവകാശ സംഘടനയായ 'ദി ദളിത് വോയ്സ്' എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സംഭവത്തിൽ സ്കൂൾ അധികാരികളുടെ ഭാഗത്തുനിന്ന് കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദളിത് വിദ്യാർഥികൾക്ക് സ്കൂളുകളിൽ സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കണമെന്നും കുറ്റക്കാരനായ അധ്യാപകനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ മാനസികാവസ്ഥയെ തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന ജാഗ്രത വേണമെന്നാണ് പൊതുവെയുള്ള ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

