യു.പിയിൽ ദലിത് സഹോദരിമാർ മരത്തിൽ തൂങ്ങിയ നിലയിൽ; ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതെന്ന് കുടുംബം
text_fieldsലഖ്നോ: യു.പിയിലെ ലഖിംപൂർ ഖേരിയിൽ സഹോദരിമാരായ രണ്ട് പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂനം (15), മനീഷ (17) എന്നീ പെൺകുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടത്. പ്രായപൂർത്തിയാകാത്ത ഇരുവരും ദലിത് കുടുംബാംഗങ്ങളാണ്. ഇന്നലെ വൈകീട്ടോടെയാണ് വയലരികിലെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
ദുപ്പട്ടയുടെ ഷാൾ കഴുത്തിൽ കുരുക്കി തൂങ്ങിയ നിലയിലാണ് പെൺകുട്ടികളെ കണ്ടത്. ശരീരത്തിൽ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മറ്റ് വിശദാംശങ്ങൾ അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടികളെ ഏതാനും പേർ ചേർന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ഇവരുടെ മാതാവ് പറഞ്ഞു. കുടുംബാംഗങ്ങളുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
സംഭവത്തിൽ യു.പി സർക്കാറിനെ വിമർശിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. യോഗി ഭരണത്തിൽ ഗുണ്ടകൾ അനുദിനം സ്ത്രീകൾക്ക് നേരെ അക്രമങ്ങൾ തുടരുകയാണ്. ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തി കർശന ശിക്ഷ നൽകണം. ഹാഥ്റസിലെ പെൺകുട്ടിയുടെ കൊലപാതകം യു.പിയിൽ ആവർത്തിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. കുടുംബത്തെ അറിയിക്കാതെയാണ് പൊലീസ് പോസ്റ്റുമോർട്ടം നടത്തിയതെന്ന് കുട്ടികളുടെ പിതാവ് പറഞ്ഞതായും അഖിലേഷ് യാദവ് പറഞ്ഞു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വിമർശനവുമായി രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണെന്നും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ബന്ധുക്കൾ പറഞ്ഞതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ടി.വിയിലും പത്രങ്ങളിലും വ്യാജ അവകാശവാദങ്ങളോടെ പരസ്യം നൽകുന്നതല്ലാതെ ക്രമസമാധാന നിലയിൽ യു.പിയിൽ ഒരു പുരോഗതിയുമില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

