ദലിത് അധ്യാപികയുടെ വസ്ത്രങ്ങൾ വലിച്ചുകീറി മർദിച്ചു; ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാർഥികളുൾപ്പെടെ നാല് പേർക്കെതിരെ കേസ്
text_fieldsവാരണാസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ ദലിത് അധ്യാപികക്ക് നേരെ അതിക്രമം. വിദ്യാർഥികളുൾപ്പെട്ട സംഘം തന്‍റെ വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തുവെന്ന് അധ്യാപിക പറഞ്ഞു. ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സംഘം പകർത്തിയതായും അധ്യാപിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയുൾപ്പെടെ രണ്ട് സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അധ്യാപിക ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
"സഹപ്രവർത്തകരായ രണ്ട് പേർ നിരന്തരം എന്നെ നഗ്നയാക്കി സർവകലാശാലക്കുള്ളിലൂടെ നടത്തുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു. ഇതിന് പിന്നാലെ മെയ് 22ന് ഉച്ചക്ക് രണ്ട് മണിയോടെ ഒരാൾ എന്‍റെ ചേമ്പറിലെത്തി എന്നെ ജോലിയിൽ നിന്ന് പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ചേമ്പറിൽ നിന്നും ഞാൻ പുറത്തിറങ്ങിയതിന് പിന്നാലെ ഒരാൾ ഡിപ്പാർട്മെന്‍റ് മുറിയുടെ വാതിലടച്ചു. ഇവരിൽ ഒരാൾ എന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും എന്നോട് മോശമായി പെരുമാറുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന മറ്റൊരാൾ ഇതെല്ലാം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. മറ്റുള്ളവർ എന്നെ ചവിട്ടുകയും മർദിക്കുകയും ചെയ്തു"- അധ്യാപിക പറഞ്ഞു.
ദലിതനായത് കൊണ്ടാണ് സംഘം തന്നെ ലക്ഷ്യമിടുന്നതെന്നും അധ്യാപിക പറഞ്ഞു. നിരവധി തവണ പൊലീസിൽ പരാതി നൽകിയെങ്കിലും ആരും വിഷയത്തിൽ ഇടപെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും. എസ്.സി-എസ്.ടി കമീഷനിലേക്കും, എച്ച്.ആർ.ഡി മന്ത്രാലയത്തിലേക്കും പരാതിയുടെ പകർപ്പ് അയച്ചതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും അവർ വ്യക്തമാക്കി.
അതേസമയം സി.ആർ.പി.സി വ്യവസ്ഥകൾ പ്രകാരം കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കേസ് നിലവിൽ പൊലീസ് അന്വേഷിച്ചുവരികയാണെന്നും വിഷയത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിക്കുമെന്നുമാണ് സർവകലാശാല അധികൃതരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

