യു.പിയിലെ ദലിത് ആൾക്കൂട്ടക്കൊല: ഏറ്റുമുട്ടലിനിടെ മുഖ്യ പ്രതി അറസ്റ്റിൽ; വെടിവെപ്പിൽ കാലിന് പരിക്ക്
text_fieldsമോഷ്ടാവെന്നാരോപിച്ച് തല്ലിക്കൊന്ന ഹരി ഓം
ലക്നോ: ഒക്ടോബർ 2 ന് റായ്ബറേലിയിൽ ദലിത് യുവാവിനെ മോഷണക്കുറ്റമാരോപിച്ച് തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിയെ ഏറ്റുമുട്ടലിനിടെ അറസ്റ്റ് ചെയ്തതായി പൊലീസ്. പൊലീസ് വെടിവെപ്പിൽ ഇയാളുടെ കാലിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കേസിൽ ഉൾപ്പെട്ട തിരിച്ചറിയാത്ത 15 ഓളം പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
ഫത്തേപൂർ ജില്ലയിലെ താമസക്കാരനായ ഹരിയോം വാൽമീകി ഉഞ്ചഹാറിലെ നയിബസ്തിയിലുള്ള തന്റെ ഭാര്യവീട്ടിലേക്ക് പോകവെ ഗ്രാമവാസികൾ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഡ്രോൺ മോഷ്ടാവെന്നാരോപിച്ചായിരുന്നു അത്. നിർദയയം തല്ലിച്ചതച്ചശേഷം യുവാവിനെ റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. അവിടെ വെച്ചു തന്നെ അന്ത്യം സംഭവിച്ചു.
പ്രധാന പ്രതിയായ ദീപക് അഗ്രഹാരിയെ ദൽമൗ കോട്വാലി പ്രദേശത്തെ ഗംഗാ കത്രിക്ക് സമീപം പൊലീസ് തടഞ്ഞാണ് പിടികൂടിയത്. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും പ്രാദേശിക പൊലീസും പിന്തുടരുമ്പോൾ ഇയാൾ സംഘത്തിനു നേരെ വെടിവച്ചു. പൊലീസ് തിരിച്ചും വെടിവെച്ചുവെന്നും കാലിന് പരിക്കേറ്റെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ സിൻഹ പറഞ്ഞു. ഉടൻ തന്നെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും സിൻഹ കൂട്ടിച്ചേർത്തു. കേസിലെ പ്രധാന പ്രതിയെ പിടികൂടുന്നവർക്ക് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വാൽമീകിയുടെ മരണം യു.പിയിൽ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. സംസ്ഥാനത്തെ ക്രമസമാധാന നിലയെയും ദലിതർക്കെതിരായ കുറ്റകൃത്യങ്ങളെയും കുറിച്ച് പ്രതിപക്ഷമായ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാറിനെതിരെ ആക്രമണം അഴിച്ചുവിട്ടു.
എന്നാൽ, കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്തെ മാറ്റിമറിച്ച യോഗി സർക്കാറിനെ അപകീർത്തിപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി നേതാക്കൾ ആരോപണങ്ങൾ തള്ളി.രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ അഞ്ചു പൊലീസുകാരെ ഈ വിഷയത്തിൽ കൃത്യവിലോപം കാണിച്ചതിന് സസ്പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

