പൂർണിയ (ബിഹാർ): സീറ്റ് തർക്കത്തെ തുടർന്ന് ആർ.ജെ.ഡി പുറത്താക്കിയ ദലിത് നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊന്നു. പൂർണിയ ജില്ലയിലെ നേതാവായ ശക്തി മാലിക് (37) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ഉറങ്ങി കിടക്കുകയായിരുന്ന ശക്തിയുടെ തലക്ക് വെടിവെക്കുകയായിരുന്നു.
റാണിഗഞ്ച് സീറ്റിൽ പാർട്ടി ടിക്കറ്റിൽ മൽസരിക്കുന്നതിന് ആർ.ജെ.ഡി നേതാവ് തേജശ്വി പ്രസാദ് യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന ശക്തിയുടെ വിഡിയോ വൈറലായിരുന്നു.
വിസമ്മതിച്ചപ്പോൾ തന്നെ തേജശ്വി ജാതീയമായി അധിക്ഷേപിച്ചെന്നും ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശക്തി ആരോപിച്ചിരുന്നു. തുടർന്ന് റാണിഗഞ്ചിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടത്.
രാഷ്ട്രീയ എതിരാളികളാണ് തൻ്റെ ഭർത്താവിനെ കൊന്നതെന്ന് ശക്തിയുടെ ഭാര്യ പരാതിപ്പെട്ടു. ബൈക്കിലെത്തിയ മൂന്ന് പേരാണ് വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്തത്.
ഒരു നാടൻ പിസ്റ്റൽ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി കെ ഹാത് പൊലീസ് സ്റ്റേഷൻ ഓഫിസർ സുനിൽ കുമാർ മണ്ഡൽ പറഞ്ഞു. എസ്.പി വിശാൽ ശർമ്മ, സദർ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ ആനന്ദ് പാണ്ഡെ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.