പീഡനം: ദലിത് വിദ്യാർഥിനി മരിച്ചു
text_fieldsചെന്നൈ: ലൈംഗിക പീഡനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ദലിത് വിദ്യാർഥിനി മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ റോഡ് തടഞ്ഞു. ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടണമെന്നാണ് ആവശ്യം. ധർമപുരി പാപ്പിരപ്പട്ടി ഗവ. ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന ധർമപുരി ഹൊരൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.
ദീപാവലിക്ക് തലേദിവസം സമീപവാസികളായ രമേഷ്, സതീഷ് എന്നീ രണ്ടു യുവാക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അവശനിലയിലായ വിദ്യാർഥിനിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി മരിച്ചു. കോട്ടപ്പട്ടി പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.