യു.പിയിൽ മോഷണകുറ്റം ആരോപിച്ച് ദലിത് പെൺകുട്ടിക്കുനേരെ അതിക്രമം; മുടിയിൽ പിടിച്ചുവലിച്ച് റോഡിലൂടെ നടത്തി, മരത്തിൽ കെട്ടിയിട്ട് മർദിച്ചു
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിൽ ദലിത് പെൺകുട്ടിയെ മോഷണ കുറ്റമാരോപിച്ച് മുടിയിൽ പിടിച്ച് വലിച്ച് റോഡിലൂടെ നടത്തിയശേഷം മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. അതിക്രമം നടത്തിയ കടയുടമ ഹരിഷ് ഗുപ്തയെ തർകുൽവ പൊലീസ് അറസ്റ്റ് ചെയ്തു.
ദേവരിയ ജില്ലയിലെ മിശ്രൗലി ഗ്രാമത്തിലാണ് സംഭവം. പതിനാലുകാരിയായ പെൺകുട്ടിക്ക് നേരെയാണ് ക്രൂരമായ അതിക്രമം അരങ്ങേറിയത്. പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ച ശേഷം മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്.
കഴിഞ്ഞ മേയ് 31നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. ഹരിഷ് ഗുപ്തയുടെ കടയിൽ പെൺകുട്ടി മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. കുട്ടിയെ മുടിയിൽ പിടിച്ച് വലിച്ച് ഗ്രാമം മുഴുവൻ അപമാനിച്ച് നടത്തിയ ശേഷമാണ് ഇയാൾ സ്വന്തം വീടിന് മുന്നിലെ വേപ്പുമരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. നാട്ടുകാരുടെയും കുടുംബത്തിന്റെയും മുമ്പിൽവെച്ചായിരുന്നു പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമം. പ്രദേശവാസികളിലൊരാൾ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് എമർജൻസി ഹെൽപ്‌ലൈൻ നമ്പറായ 112 വഴി വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
പ്രതിയായ ഹരികേഷ് ഗുപ്തക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. മോഷണക്കുറ്റം ആരോപിച്ച് കടയുടമ പെൺകുട്ടിയെ തടഞ്ഞുവെച്ച് അതിക്രമം കാട്ടുകയായിരുന്നുവെന്നും പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് സർക്ക്ൾ ഓഫീസർ സുനിൽ കുമാർ റെഡ്ഡി വ്യക്തമാക്കി.
സംഭവം പുറത്തുവന്നതോടെ ദലിത് സംഘടനകളിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഈ രാജ്യത്ത് ദലിതർക്കായി എന്തെങ്കിലും തരത്തിലുള്ള സർക്കാരോ, നീതിന്യായ വ്യവസ്ഥയോ, നിയമപാലകരോ, മനുഷ്യാവകാശ കമ്മീഷനോ നിലവിലുണ്ടോ അതോ ഈ സംവിധാനങ്ങളെല്ലാം സവർണർക്ക് വേണ്ടി മാത്രമുള്ളതാണോ എന്ന് ആക്ടിവിസ്റ്റ് സൂരജ് കുമാർ ബൗദ്ധ് ചോദിച്ചു. പ്രതി സവർണ സമുദായത്തിൽപ്പെട്ടയാളും ഇര ദലിത് വിഭാഗത്തിൽ നിന്നുള്ളതുമാണെങ്കിൽ ഈ രാജ്യത്ത് അതൊരു കുറ്റമായി പോലും കണക്കാക്കില്ലെന്ന് സാമൂഹിക പ്രവർത്തകൻ രവി പാർമറും കുറ്റപ്പെടുത്തി. ഇന്ത്യ ദലിതരുടെ ശ്മശാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, പ്രായപൂർത്തിയാക്കാത്ത ദലിത് പെൺകുട്ടിയെ പകൽവെളിച്ചത്തിൽ ഗ്രാമത്തിലൂടെ നടത്തിച്ച് മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചിട്ടും പ്രതി സവർണ വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ട് തന്നെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ സംഭവം വേണ്ട രീതിയിൽ വാർത്തയാക്കാൻ തയ്യാറായിട്ടില്ലെന്നും 'ദി ദലിത് വോയ്‌സ്' തങ്ങളുടെ എക്‌സ് പോസ്റ്റിലൂടെ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

