സമുദായ നിയമം ലംഘിച്ച് വിവാഹിതരായ ദലിത് ദമ്പതികൾക്ക് നുകംവെച്ച് നിലം ഉഴുത് ശിക്ഷ
text_fieldsഭുവനേശ്വർ: സമുദായത്തിന്റെ നിയമത്തിന് വിരുദ്ധമായി വിവാഹം ചെയ്ത ദലിത് ദമ്പതികൾക്ക് നുകംവെച്ച് നിലം ഉഴുത് ശിക്ഷ. ഒഡീഷയിലെ റായഗഡ ജില്ലയിൽ കാചഞംചിറ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായതോടെ പൊലീസ് അന്വേഷണം തുടങ്ങി. ചുറ്റും കൂടി നിൽക്കുന്ന നാട്ടുകാർ യുവ ദമ്പതികളുടെ ചുമലിൽ നുകം കെട്ടിവെച്ച് നിലം ഉഴുവാൻ നിർബന്ധിക്കുന്നതും വടികൊണ്ട് മദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 200 അംഗങ്ങളുള്ള ആദിവാസി വിഭാഗമായ ഡൊംഗാറിയ കോന്ദ് സമുദായാംഗങ്ങളാണ് ഈ ക്രൂരകൃത്യം നടപ്പാക്കിയത്. സമുദായാംഗങ്ങളും വീട്ടുകാരും വിവാഹത്തെ എതിർത്തിരുന്നു.
രണ്ടുപേരും ഒരേ സമുദായത്തിൽപെടുന്നവരാണ്. എന്നാൽ ഇവർ അടുത്ത ബന്ധുക്കളായതിനാൽ വിവാഹം സമുദായ നിയമപ്രകാരം സാധ്യമല്ല. 26കാരിയായ യുവതിയെ വിവാഹം കഴിച്ചത് 28കാരനാണ്. എന്നാൽ ഇയാളുടെ പിതാവിന്റെ അർദ്ധസഹോദരിയാണ് വധു. ഒരേ കുലത്തിലുള്ളവരെ സഹോദരികളായോ മരുമക്കളായോ കാണണമെന്നാണ് ഇവരുടെ നിയമം. ഇവരുടെ വിവാഹം മാപ്പർഹിക്കാത്തവിധം സമുദായവിരുദ്ധമാണെന്നാണ് ഗ്രാമീണർ പറയുന്നത്.
രണ്ടുപേരുടെയും കുടുംബങ്ങളുടെ എതിർപ്പ് വകവെക്കാതെയാണ് ഇവർ കഴിഞ്ഞയാഴ്ച വിവാഹിതരായത്. സംഭവത്തിനുശേഷം ദമ്പതികൾ ഗ്രാമം വിട്ടു.
ഇന്ത്യൻ നിയമപ്രകാരം ബന്ധുക്കൾ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമല്ല, ചില നിബന്ധനകളിലല്ലാതെ. ഹിന്ദു വിവാഹ നിയമപ്രകാരം ഏറ്റവും അടുത്ത ബന്ധുക്കളല്ലാത്തവർക്ക് തമ്മിൽ വിവാഹിതരാകാം.
ഏതായാലും സംഭവത്തിൽ റായഗഡ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു. ഒരു പൊലീസ് സംഘത്തെ ഗ്രാമത്തിലേക്കയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

