ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ കോവിഡ് വാക്സിൻ സ്വീകരിച്ചു
text_fieldsധർമശാല (ഹിമാചൽ പ്രദേശ്): ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 2020 ജനുവരി മുതൽ സ്വയം കോറൻറീനിലായിരുന്ന 86 കാരനായ ദലൈലാമ വാകസിൻ സ്വീകരിക്കാൻ വേണ്ടിയാണ് ഒരുവർഷം നീണ്ട കോറന്‍റീൻ ശനിയാഴ്ച അവസാനിപ്പിച്ച് പുറത്തിറങ്ങിയത്. സോണൽ ആശുപത്രിയിൽ നിന്ന് രാവിലെ 7.10 നാണ് അദ്ദേഹം വാക്സിനേഷൻ സ്വീകരിച്ചത്. അരമണിക്കൂറോളം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
രണ്ടാം ഘട്ട വാക്സിനേഷൻ ആരംഭിച്ചതിന്റെ ഭാഗമായാണ് ദലൈലാമയും വാക്സിൻ സ്വീകരിച്ചത്. ഈ ഘട്ടത്തിൽ 27 കോടിയാളുകളിലേക്ക് വാക്സിൻ എത്തിക്കാനാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ള കോവിഡ് പോരാളികൾക്കാണ് വാക്സിൻ നൽകിയിരുന്നത്. നിലവിൽ രാജ്യത്ത് ഒന്നേകാൽ കോടിയാളുകൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ വാക്സിന്റെ ആദ്യ ഡോസ് കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.