ദലൈലാമയുടെ പിൻഗാമി; പുറത്തുള്ളവർക്ക് പങ്കില്ലെന്ന് മന്ത്രി റിജിജു
text_fieldsന്യൂഡൽഹി: തിബത്തൻ ആത്മീയ നേതാവ് ദലൈലാമയുടെ പിൻഗാമിയെ നിശ്ചയിക്കുന്നത് ദലൈലാമയും ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റും ആണെന്നും മറ്റാർക്കും അതിൽ പങ്കില്ലെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു. പിൻഗാമിയെ നിശ്ചയിക്കുന്നത് തങ്ങളുടെ അനുമതിയോടെ വേണമെന്ന ചൈനീസ് സർക്കാറിന്റെ പ്രസ്താവനക്കാണ് മന്ത്രി റിജിജു പരോക്ഷ മറുപടി നൽകിയത്. ട്രസ്റ്റിനല്ലാതെ മറ്റാർക്കും ഇടപെടാൻ അവകാശമില്ലെന്ന് ദലൈലാമയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ധരംശാലയിൽ ബുധനാഴ്ച തുടങ്ങിയ ബുദ്ധ സന്യാസിമാരുടെ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പിൻഗാമിയെ തിരഞ്ഞെടുത്തേക്കും. നൂറിലധികം സന്യാസിമാരാണ് പങ്കെടുക്കുന്നത്. നിലവിലെ ദലൈലാമയുടെ മരണശേഷമേ പിൻഗാമിയെ കണ്ടെത്താവൂ എന്ന കീഴ്വഴക്കമാണ് മാറുന്നത്. ദലൈലാമയുടെ പിൻഗാമിയെ സ്വർണ കലശത്തിൽനിന്ന് നറുക്കിട്ടെടുക്കുമെന്ന ചൈനീസ് വിദേശകാര്യ വക്താവ് മാവോനിങ്ങിന്റെ പ്രസ്താവന ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റ് തള്ളിയിരുന്നു.
ജൂലൈ ആറിന് ധരംശാലയിൽ ദലൈലാമയുടെ 90ാം ജന്മദിനാഘോഷത്തിൽ കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും രാജീവ് രഞ്ജൻ സിങ്ങും പങ്കെടുക്കുന്നുണ്ട്. ചൈന തിബത്ത് കൈയേറിയതോടെയാണ് 1959ൽ 10000 അനുയായികൾക്കൊപ്പം ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. 1989ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവാണ് ദലൈലാമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

