കശ്മീരിലെ ആദ്യ വാട്ടർ ആംബുലൻസുമായി താരിഖ് അഹമ്മദ്; അതിന് പിന്നിലൊരു കഥയുണ്ട്
text_fieldsശ്രീനഗർ: കശ്മീരിലെ ആദ്യവാട്ടർ ആംബുലൻസ് അവതരിപ്പിക്കുകയാണ് താരിഖ് അഹമ്മദ് പാത്ലു എന്ന ശിക്കാര (ചെറിയ ഹൗസ് ബോട്ട്) ഡ്രൈവർ. ഇങ്ങിനെയൊരു തീരുമാനമെടുത്തതിന് പിന്നിൽ ഒരു കഥയുണ്ടെന്നും താരിഖ് അഹമ്മദ് പറയുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് താരിഖിന് കോവിഡ് ബാധിച്ചിരുന്നു. അപ്പോൾ ആശുപത്രിയിൽ എത്തിക്കാനും ചികിത്സയിലിരിക്കെ സഹായങ്ങൾ നൽകാനും ആരുമെത്തിയില്ല. 20 ദിവസത്തോളം ഒറ്റപ്പെടൽ അനുഭവിച്ച ഈ നാളുകളിലാണ് തന്‍റെ അവസ്ഥ ഇനിയാർക്കും വരരുത് എന്ന ചിന്തയിൽ വാട്ടർ ആംബുലൻസ് എന്ന ആശയം രൂപപ്പെടുത്തിയതെന്ന് താരിഖ് പറയുന്നു.
ദാൽ തടാകത്തിലെ ശിക്കാര ഡ്രൈവർമാർക്കും ഫ്ലോട്ടിങ് വീടുകളിലെ താമസക്കാർക്കും തന്‍റെ വാട്ടർ ആംബുലൻസ് പ്രയോജനപ്പെടുമെന്നാണ് താരിഖ് പറയുന്നത്. ബോട്ടിങ് നടത്തുന്ന വിനോദസഞ്ചാരികൾക്ക് തടാകത്തിൽ വെച്ച് എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിച്ചാലും ആശുപത്രിയിലെത്തിക്കുന്നതിന് മറ്റ് സൗകര്യങ്ങൾ നിലവിലില്ല. 35 അടി നീളവും ആറടി വീതിയുമുള്ള ആംബുലൻസ് തടികൊണ്ട് ഡിസൈൻ ചെയ്തതും നിർമിച്ചതും താരിഖ് ആണ്. ഒരു ബോട്ട് എൻജിനും സൈറണും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഒരു ഡോക്ടറെയും കെയർേടക്കറെയും തരാൻ സർക്കാർ തയാറാണെങ്കിൽ ആംബുലൻസ് ആരോഗ്യ വകുപ്പിന് വിട്ടുനൽകാനും താൻ തയാറാണെന്ന് താരിഖ് പറയുന്നു. ഝലത്ത് മുമ്പ് രോഗികൾക്കായി ഒരു ബോട്ട് ഉണ്ടായിരുന്നെങ്കിലും അതിന് ആംബുലൻസിന്‍റെ സ്വഭാവമായിരുന്നില്ലെന്നും താരിഖ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

