രാഹുൽ ദിവസവും ഓരോ നുണ പറയുന്നു; ‘ആരോഗ്യ സേതു’വിൽ തിരിച്ചടിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷനെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബി.ജെ.പി. രാഹുൽ ഗാന്ധി ദിവസവും ഓരോ നുണ പറയുകയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവും വാർത്താവിതരണ-ഐ.ടി വകുപ്പ് മന്ത്രിയുമായ രവിശങ്കർ പ്രസാദ് വിമർശിച്ചു.
ഇന്ത്യയെ മനസിലാകാത്ത താങ്കളുടെ ആളുകൾക്ക് ട്വീറ്റുകൾ കരാർ നൽകേണ്ട സമയം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ശക്തമായ ഒരു കൂട്ടാളിയാണ് ആരോഗ്യ സേതു ആപ്പ്. അതിന് ശക്തമായ വിവര സംരക്ഷണ സംവിധാനമുണ്ട്. ജീവിതം മുഴുവൻ നിരീക്ഷണത്തിലാകുന്നവർക്ക് സാങ്കേതിക വിദ്യ എങ്ങിനെ നല്ല കാര്യത്തിനായി ഉപയോഗിക്കാമെന്ന് മനസ്സിലാകില്ല -രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.
ബി.ജെ.പി വക്താവ് സംപീത് പത്രയും രാഹുലിനെതിരെ വിമർശനവുമായെത്തി. ആരോഗ്യ സേതുവിനെ കുറിച്ച് രാഹുൽ ഗാന്ധി അജ്ഞനാണെന്ന് മാത്രമല്ല, അദ്ദേഹം ഉത്തരവാദിത്തബോധമില്ലാതെ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. നിരീക്ഷണത്തെ കുറിച്ചുള്ള സംശയങ്ങൾ പലതവണ സർക്കാർ ലഘൂകരിച്ചതാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ഓരോരുത്തരുടെയും വ്യക്തിഗത ബോഡിഗാർഡാണ് ആരോഗ്യസേതു ആപ്പ് -പത്ര പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ട്രാക്കിങ് ആപ്പായ ആരോഗ്യ സേതു അത്യാധുനിക നിരീക്ഷണ സംവിധാനമാണെന്നും അത് ഗുരുതരമായ ഡാറ്റ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയർത്തുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വിമർശിച്ചത്.
“സ്ഥാപനപരമായ മേൽനോട്ടമില്ലാതെ ഒരു സ്വകാര്യ ഓപ്പറേറ്റർക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്പ്. അത് ഗുരുതരമായ ഡാറ്റ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയർത്തുന്നതാണ്. നമ്മളെ സുരക്ഷിതമായി സൂക്ഷിക്കാൻ സാങ്കേതികവിദ്യ സഹായിക്കും; എന്നാൽ പൗരന്മാരെ പിന്തുടരുന്നതിന് അവരുടെ സമ്മതമില്ലാതെ അവരെ ഭയപ്പെടുത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ നിർബന്ധിക്കരുത്. ” രാഹുൽ ഗാന്ധി ട്വീറ്ററിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
