ഡി.കെ. ശിവകുമാറിന്റെ മകൾ വിവാഹിതയായി; വരൻ ബി.ജെ.പി നേതാവ് എസ്.എം. കൃഷ്ണയുടെ പേരക്കുട്ടി
text_fieldsബംഗളൂരു: കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. കഫേ കോഫി ഡേ സ്ഥാപകൻ പരേതനായ വി.ജി. സിദ്ധാർത്ഥയുടെ മകനും ബി.ജെ.പി നേതാവ് എസ്.എം. കൃഷ്ണയുടെ പേരക്കുട്ടിയുമായ അമർത്യ ഹെഗ്ഡെയാണ് വരൻ. ഞായറാഴ്ച രാവിലെ ബംഗളൂരുവിലാണ് വിവാഹ ചടങ്ങ് നടന്നത്.
ശിവകുമാറിന്റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്റെ ഭരണച്ചുമതല നിര്‍വഹിക്കുകയാണ് എഞ്ചിനീയറിങ് ബിരുദധാരിയും 23കാരിയുമായ ഐശ്വര്യ. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ പിതാവ് സിദ്ധാർഥയുടെ മരണശേഷം ബിസിനസ് നടത്തുകയാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ എസ്.എം കൃഷ്ണയുമായി അദ്ദേഹം പാർട്ടിയിലുള്ള കാലത്ത് തുടങ്ങിയ സുഹൃദ്ബന്ധം, കൃഷ്ണ ബി.ജെ.പിയിൽ ചേർന്ന ശേഷവും ഡി.കെ മുറിയാതെ സൂക്ഷിച്ചിരുന്നു. കൃഷ്ണയുടെ മരുമകൻ സിദ്ധാര്‍ത്ഥയുമായും ശിവകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു.
2018 ജൂലൈ 31ന് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് തന്നെ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ വിയോഗത്തെ തുടർന്ന് വിവാഹം നീട്ടിവെക്കുകയായിരുന്നു.

